പള്ളിമണികൾ…

August 29, 2019

 

”പള്ളി മണികള്‍ക്ക്‌ പള്ളികളോളം
തന്നെ പാരമ്പര്യമുണ്ട്‌….
ഐറീഷ്‌ മിഷണറിമാര്‍ കൂടുതലായി താമസിച്ചിരുന്ന വടക്കന്‍ യൂറോപ്പില്‍ അഞ്ചാം നൂറ്റാണ്ടു മുതല്‍ ദേവാലയ മണികള്‍നിലനിന്നിരുന്നതായി ചരിത്രരേഖകളുണ്ട്‌….
ലോകത്തില്‍ ഏറ്റവും പുരാതനമായ ദേവാലയ മണിശൃംഖല ഇംഗ്ലണ്ടിലെ `ഇപ്‌സ്‌ വിച്ചിലുള്ള’ സെന്‍റ് ലോറന്‍സ്‌ ദേവാലയത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌….
പള്ളി മണികളെപ്പറ്റി പറയുമ്പോൾ പെട്ടെന്ന് നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുന്നത് ഇടവക ദേവാലയത്തിൽ നിന്നുയരുന്ന മണിനാദമാണ്….

ഒരു വിവാഹകര്‍മ്മത്തിനോ,
ശവസംസ്‌കാര ശുശ്രൂഷയ്‌ക്കോ മറ്റേതെങ്കിലും പ്രാര്‍ത്ഥനകള്‍ക്കോ സംബന്ധിക്കാന്‍ ദേവാലയത്തിലേക്ക്‌ വരാന്‍ സമയമായി എന്നു വിശ്വാസികളെ അറിയിക്കാന്‍ വേണ്ടിയായിരുന്നു ക്രിസ്‌തീയ ദേവാലയങ്ങളില്‍ പുരാതന കാലം മുതല്‍ക്കേ മണികള്‍ ഉപയോഗിച്ചിരുന്നത്‌…. സമയമറിയാനുള്ള ക്ലോക്കുകളോ മറ്റ്‌ ഉപാധികളോ അക്കാലത്ത്‌ നിലവിലില്ലായിരുന്നതു മൂലം പ്രാര്‍ത്ഥനാമണി മുഴങ്ങുമ്പോള്‍ സമയം എത്രയായി എന്നറിയാനും ഇത്‌ പ്രയോജനപ്പെട്ടിരുന്നു….

ദേവാലയങ്ങളുടെ മുകളിലോ, വേറിട്ട്‌ പണിതുയര്‍ത്തിയിട്ടുള്ള മണിമേടകളിലോ ആണ്‌ സാധാരണയായി മണികള്‍ സ്ഥാപിക്കാറുള്ളത്‌…. സമീപവാസികള്‍ക്കെല്ലാം മണിശബ്‌ദം കേള്‍ക്കാന്‍ സാധിക്കണം എന്നു തന്നെയായിരുന്നു ഇതിന്‍റെ ഉദ്ദേശവും.. വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്ന കാലത്ത്‌ ഒരു ഗ്രാമവാസികളെ മുഴുവന്‍ ഒരുമിച്ച്‌ വിളിച്ചുകൂട്ടുവാനുള്ള ഒരു മാദ്ധ്യമം കൂടിയായിരുന്നു അന്നത്തെ ദേവാലയ മണികള്‍….
രണ്ടാം ലോക മഹായുദ്ധകാലത്ത്‌ ഗ്രേറ്റ്‌ ബ്രിട്ടണില്‍ ശത്രുക്കളുടെ ആക്രമണത്തിന്‍റെ മുന്നറിയിപ്പ്‌ നല്‍കാന്‍ മാത്രമല്ലാതെ പള്ളികളിലെ മണികള്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല…!

പാശ്ചാത്യമെന്നോ, പൗരസ്‌ത്യമെന്നോ വ്യത്യാസമില്ലാതെ പ്രഭാത പ്രാര്‍ത്ഥനകള്‍ക്കും, മദ്ധ്യാഹ്‌ന പ്രാര്‍ത്ഥനകള്‍ക്കും സന്ധ്യാപ്രാര്‍ത്ഥനകള്‍ക്കും ക്രിസ്‌ത്യന്‍ ദേവാലയങ്ങളില്‍ മണി മുഴങ്ങാറുള്ളതിനെ `ഏഞ്ചല്‍സ്‌ ബെല്‍’ (Angelus Bell) എന്നാണ്‌ അറിയപ്പെടുന്നത്‌….

പ്രഭാത മണിയുടെ ചരിത്രം തുടങ്ങുന്നത്‌ 1318-ല്‍ ഇറ്റലിയിലെ `പാര്‍മ’ പട്ടണത്തിലായിരുന്നു…
ഈ മണി കേട്ടാലുടന്‍ മൂന്നു സ്വര്‍ഗ്ഗസ്ഥനായ പിതാവും, മൂന്ന്‌ നന്മനിറഞ്ഞ മറിയവും ചൊല്ലി സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നായിരുന്നു അന്നുള്ള അവിടുത്തെ ആചാരം..!
ആ കാരണത്താല്‍
”സമാധാനത്തിന്‍റെ മണി”യെന്നും ഇത്‌ അറിയപ്പെട്ടിരുന്നു…
മദ്ധ്യാഹ്നത്തിലുള്ള മണിയുടെ തുടക്കമാകട്ടെ കര്‍ത്താവിന്‍റെ കഷ്‌ടാനുഭവങ്ങളെക്കുറിച്ച്‌ ധ്യാനിക്കാന്‍വേണ്ടി വെള്ളിയാഴ്‌ചകളിലാണ്‌ തുടങ്ങിയത്‌…
പിന്നീട്‌ 1456-ല്‍ ‘കലിക്‌സ്റ്റസ്‌’ മൂന്നാമന്‍ മാര്‍പാപ്പയുടെ ആഹ്വാന പ്രകാരം രാവിലെയും ഉച്ചയ്‌ക്കും സന്ധ്യാസമയത്തും ഈ പ്രാര്‍ത്ഥന തുടര്‍ന്ന്‌ ചൊല്ലാന്‍ തീരുമാനമുണ്ടായി…

കുര്‍ബാനയ്‌ക്കിടയില്‍, മണിയടിക്കുന്ന പതിവ്‌ പതിമൂന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ലത്തീന്‍ പള്ളികളിലാണ്‌ ആദ്യം തുടങ്ങിയത്‌…
കുര്‍ബാനയില്‍ സംബന്ധിക്കാത്ത വിശ്വാസികള്‍ക്ക്‌ അവര്‍ എവിടെയായാലും ഈ മണിശബ്‌ദം കേള്‍ക്കുമ്പോള്‍ മുട്ടുകുത്തി ഒരുനിമിഷം ആരാധിക്കാനുള്ള അവസരം ഉണ്ടാക്കാന്‍വേണ്ടിയായിരുന്നു ഇത്‌….
ഇപ്പോള്‍ ചില ദേവാലയങ്ങളിലെങ്കിലും, സൗകര്യാര്‍ത്ഥം വലിയ മണിക്കുപകരം അള്‍ത്താരയിലുള്ള ചെറിയ മണിയാണ്‌ മിക്കവാറും ആ സമയത്ത്‌ ഉപയോഗിക്കുന്നത്‌…

ദേവാലയങ്ങളില്‍ വിവിധ രീതിയിലുള്ള മണികള്‍ മുഴക്കുന്നത്‌ ആരാധനയുടേയും പ്രാര്‍ത്ഥനയുടേയും വിവിധ ഘട്ടങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കാനാണ്‌…
ഇതിനാലാണ്‌ വിശുദ്ധ വാരത്തോടനുബന്ധിച്ച്‌ പല ദേവാലയങ്ങളിലും മണിക്കു പകരം `മര’മണിയടിക്കുന്ന പതിവ്‌ നിലവില്‍ വന്നത്‌…
ഈ രീതി തന്നെയാണ്‌ കേരളത്തിലെ ദേവാലയങ്ങളിലും തുടര്‍ന്നുപോരുന്നത്‌…

മരണത്തെ സൂചിപ്പിക്കുന്ന മണിക്ക്‌ `മരണമണി’ (Death Knell) എന്നാണറിയപ്പെടുന്നത്‌….
നമ്മുടെ നാട്ടിന്‍പുറത്തെ ദേവാലയങ്ങളില്‍ ഒന്നും രണ്ടും മണികള്‍ ഇടവിട്ട്‌ അടിച്ചാല്‍ ഇടവകാതിര്‍ത്തിയില്‍ മരണം സംഭവിച്ചു എന്ന്‌ അര്‍ത്ഥമാക്കുന്നു….
എന്നാല്‍ ഇംഗ്ലണ്ടിലെ `കെന്‍റ് ‘, `സറെ’ എന്നീ പട്ടണങ്ങളിലെ ദേവാലയങ്ങളില്‍ മൂന്നുതവണ മൂന്നു മണിവീതം അടിച്ചാല്‍ അത്‌ പുരുഷന്മാര്‍ മരിച്ചുവെന്നും, മൂന്നുതവണ രണ്ടു മണി വീതം അടിച്ചാല്‍ അത്‌ സ്‌ത്രീകള്‍ മരിച്ചുവെന്നുമുള്ള അറിയിപ്പായി കണക്കാക്കുന്ന ഒരു പഴയ ആചാരമുണ്ട്‌…
അതുപോലെ തന്നെ മരണശയ്യയില്‍ കിടക്കുന്ന രോഗിയുടെ നല്ല മരണത്തിനും, നിത്യശാന്തിയ്‌ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഇടവകാംഗങ്ങളെ ബോധവത്‌കരിക്കത്തക്ക ഔപചാരിക മണികളും അവിടെ നിലവിലുണ്ട്‌….

കാലം പുരോഗമിച്ചതോടുകൂടി
പല പുതിയ ദേവാലയങ്ങളിലും ഇലക്‌ട്രോണിക്‌ സംവിധാനവുമായി ബന്ധപ്പെടുത്തി സമയാസമയങ്ങളില്‍ മണി അടിക്കാനുള്ള സാങ്കേതിക സംവിധാനങ്ങളൊരുക്കി…
ചില പുതിയ ദേവാലയങ്ങളിലെങ്കിലും നേരത്തെ റിക്കാര്‍ഡ്‌ ചെയ്‌തതോ, ഡിജിറ്റലായി സംശ്ശേഷണം ചെയ്‌തോ ആയ മണികളും ഉപയോഗത്തിലുണ്ട്‌…
നമ്മുടെ നാട്ടിന്‍പുറങ്ങളിലാകട്ടെ ഗ്രാമീണതയുടെ മുഖച്ഛായ തന്നെ മാറിപ്പോയതുമൂലം ദേവാലയ മണിയുടെ പ്രസക്തിയും കുറഞ്ഞുകൊണ്ടിരിക്കുന്നു… മറ്റു ബഹളങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കുമിടയില്‍ ദേവാലയങ്ങളുടെ തൊട്ടടുത്ത്‌ താമസിക്കുന്നവര്‍ക്കുപോലും മണിയൊച്ച ഇന്ന് അലോസരമായി തുടങ്ങി…

എന്‍റെ ചെറുപ്പകാലത്ത്‌ രണ്ടുമൂന്നു കിലോമീറ്റര്‍ അകലെ വരെ എത്തിയിരുന്ന സന്ധ്യാമണിക്കുശേഷമുള്ള മണിയുടെ എണ്ണം കേട്ടിട്ട്‌ (ഒന്നാണെങ്കില്‍ ഒരു കുര്‍ബാന, രണ്ടാണെങ്കില്‍ രണ്ടു കുര്‍ബാന) പിറ്റേന്ന്‌ രാവിലെ എത്ര കുര്‍ബാനയുണ്ടാകുമെന്ന്‌ എന്‍റെ വല്യപ്പന്‍ പറയുമായിരുന്നു…!
ആ കാലവും വല്യപ്പനും മണ്‍മറഞ്ഞു..!
അങ്ങകലെ ദേവാലയത്തിലെ മണിനാദം മുഴങ്ങുമ്പോൾ നെറ്റിയിൽ കുരിശുവരച്ച് ഈശോയോട് ആരാധനയോടെ ചേർന്ന് നിൽക്കുന്നവർ ഇന്നുമുണ്ട്…
പുതുതലമുറയ്ക്ക് ഇവയൊക്കെ നാണക്കേടോ തിരക്കുകൾക്കിടയിലെ അസൗകര്യമോ മൂലം അന്യമായി ക്കൊണ്ടിരിക്കുന്നു എന്നത് വേദനാജനകമാണ്…
ചിലയിടങ്ങളിലൊക്കെ മണിയൊച്ചകൾ ദേവാലയത്തിനകത്തു മാത്രമായി ഒതുങ്ങി..!ആധുനിക കോലാഹലങ്ങള്‍ക്കും, സന്ധ്യയ്‌ക്കുള്ള ടെലിവിഷന്‍ ചർച്ചകൾക്കും ഹാസ്യപരിപാടികള്‍ക്കുമിടയില്‍ നമ്മുടെ നല്ലൊരു ആചാരമായിരുന്ന സന്ധ്യാമണിയുടെ ശബ്ദം നമ്മുടെ ശ്രവണപുടങ്ങളിൽ എത്താതെ പോകുന്നു…!!!
എങ്കിലും ഇന്നും കിലോമീറ്ററുകൾക്കിപ്പുറം ജീവിതനൗക തുഴയുമ്പോഴും ഹൃദയത്തോട് ചേർത്തുവച്ച, ബാല്യകാലം മുതൽ കേട്ടുശീലിച്ച ആ മണിനാദം വലിയൊരു വിസ്മയമാണ്….
കുറവിലങ്ങാട് മർത്തമറിയം പള്ളിയിലെ മണിമാളികയും മാസ്മരികമായ മണിശബ്ദവും എന്നും ചെവികളിൽ മുഴങ്ങിക്കേൾക്കും…
ഇടവക ദേവാലയമണിമുഴക്കത്തോട് ചേർന്ന് തന്നെ….!!! ”

✍ അജി ജോസഫ്‌ കാവുങ്കല്‍