രണ്ട് കല്യാണങ്ങൾക്കിടയിലെ ഓട്ടമല്ല ജീവിതം

September 2, 2019

 

നോഹയുടെ കാലത്തേക്കുറിച്ചു പറയുമ്പോള്‍ യേശു നിരീക്ഷിക്കുന്നതുപോലെ, മനുഷ്യര്‍ കല്യാണം കഴിച്ചും കഴിപ്പിച്ചും മാത്രം ജീവിക്കുന്നു. ഒരുവിധം ദൃഢത ലഭിക്കുമ്പോള്‍ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട വിചാരം ഒരു കുടുംബം രൂപപ്പെടുത്തുകയെന്നതാണ്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും തൊഴിലു തേടുന്നതും സൗന്ദര്യം സംരക്ഷിക്കുന്നതുമൊക്കെ അതിനുവേണ്ടിത്തന്നെ. ഒടുവില്‍ ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുമ്പോള്‍ അടുത്ത വിചാരമാരംഭിക്കുന്നു; പിറക്കുന്ന കുഞ്ഞുങ്ങളെ കരയെത്തിക്കണം. അങ്ങനെ രണ്ടു കല്യാണങ്ങള്‍ക്കിടയിലായി ജീവിച്ചു തീരുന്ന നമ്മുടെ ജന്മം. അതുകൊണ്ടുതന്നെ നീളവും വീതിയും മാത്രമുള്ള ദ്വിമാനമനുഷ്യരായി നമ്മള്‍ നിലനില്‍ക്കുന്നു. അതിനപ്പുറത്തേക്ക് ജീവിതത്തിനു വേറെ മാനങ്ങള്‍ ലഭിക്കുന്നില്ല.

ഒത്തിരി ജീവിതവ്യഗ്രതകള്‍ക്കിടയില്‍ ആത്മാവിന്റെ വിളികള്‍ പോലും അപ്രസക്തമാവുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. സ്വന്തം ഇടം കണ്ടെത്താനാവാതെ ഒരാള്‍ക്ക് കടന്നുപോകേണ്ടിവരുന്ന വിധത്തില്‍ ഇത്രയും ഏകാഗ്രതയും ശ്രദ്ധയും അയാളുടെ ചുറ്റുപാടുകള്‍ അര്‍ഹിക്കുന്നുണ്ടോ? മകനെ കളിപ്പിച്ചുകൊണ്ടിരുന്ന സൂഫി ഗുരുവിനോട് കുഞ്ഞ് ചോദിച്ചു: “ബാബായുടെ ഹൃദയം ഒത്തിരി വലുതാണോ?”
“എന്താ കുഞ്ഞേ നീയങ്ങനെ ചോദിക്കുന്നത്?”
“അല്ലെങ്കിലെങ്ങനെയാണ് അവിടെ എനിക്കും ദൈവത്തിനും ഇടമുണ്ടാവുക?”
ഗുരു ആകാശത്തേക്കു നോക്കി തേങ്ങി: “അള്ളാ, നീയെന്തിനാണീ കുഞ്ഞായി വന്നെന്നെ ശാസിക്കുന്നത്?”
അയാള്‍ അന്നുതന്നെ വീടുപേക്ഷിച്ചു. ഒരു വ്യാഴവട്ടം അലഞ്ഞു. മടങ്ങിയെത്തുമ്പോള്‍ അന്നത്തെ കുഞ്ഞ് കൗമാരത്തിലേക്കെത്തിയിട്ടുണ്ട്. അവനെ അണച്ചുപിടിച്ചയാള്‍ പറഞ്ഞു: “കുഞ്ഞേ, ബാബായ്ക്ക് കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങള്‍ വേണ്ടിവന്നു ദൈവത്തിനിടമുള്ള മനസ്സില്‍ കുഞ്ഞിനും ഇടമുണ്ടെന്ന് തിരിച്ചറിയാന്‍. എന്നാല്‍, കുഞ്ഞിനു മാത്രം ഇടമുള്ള ഹൃദയത്തില്‍ നിന്ന് ദൈവം പുറത്താകുന്നു.”

അതാണ് കാര്യം. വെളിച്ചമോ സംഗീതമോ സുഗന്ധമോ നിറഞ്ഞ മുറിയില്‍ നിങ്ങള്‍ക്ക് എന്തിനേയും പ്രതിഷ്ഠിക്കാം. അവയ്ക്കുമുണ്ടാവും അപ്പോള്‍ പുതിയ തെളിമയും താളവും പരിമളവും. രണ്ടു കല്യാണങ്ങള്‍ക്കിടയിലുള്ള ഓട്ടമല്ല ജീവിതം; അതു ദൈവത്തിന്റെ വിരുന്നാണ്. വിരുന്നിലേക്ക് വരിക.

✍ ബോബി ജോസ് കട്ടികാട്