നിന്‍റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറും (യോഹ 2: 35)

September 2, 2019

 

ഫോൺ ബെല്ലടിച്ചാൽ ഏത് പാതിരാത്രിയിലും, എത്ര തിരക്കിനിടയിലും ഞാൻ എടുക്കും – ദീപയെന്ന പേര് തെളിഞ്ഞാൽ. ഒരു തിരക്കിന്‍റെ പേരിലും എനിക്കവളെ അവഗണിക്കാനാവില്ല. എന്‍റെ ഒരു ക്ഷീണവും അവളെ ഒഴിവാക്കാൻ മതിയായ കാരണവുമല്ല.

മിക്കവാറും അവൾ സംഭാഷണം ആരംഭിക്കുക ‘ഞാൻ മടുത്തു അച്ചോ, ഇനി എനിക്ക് ജീവിക്കേണ്ട’ എന്ന് പറഞ്ഞായിരിക്കും. ഞാൻ ഒരിക്കലും അവളെ വഴക്കു പറയാറില്ല. ദേഷ്യപ്പെടാറില്ല. ഞാൻ അവളെ കേട്ടിരിക്കും. ചിലപ്പോൾ രാത്രിയുടെ ഏതാനും മണിക്കൂറുകൾ അവൾ തട്ടിപ്പറിക്കും. എനിക്കതിൽ പരിഭവമില്ല. കാരണം ജീവിതം അവളിൽനിന്ന് തട്ടിപ്പറിച്ചത് വച്ച് നോക്കുമ്പോൾ ഇത് വളരെ നിസ്സാരം. “എന്താണച്ചോ ദൈവം എന്നോട് മാത്രം ഇങ്ങനെ ചെയ്യുന്നത്?, അതിനു മാത്രം ഞാൻ എന്ത് തെറ്റ് ചെയ്തു? എട്ടും പൊട്ടും അറിയാത്ത പ്രായത്തിൽ ഒരാളെ സ്നേഹിച്ചതാണോ ഞാൻ ചെയ്ത കുറ്റം? ദൈവത്തിനിത്രയും ശിക്ഷിച്ചിട്ട് ഇനിയും മതിയായില്ലേ?”

അവൾ അവളുടെ പരാതിപ്പെട്ടി അഴിച്ച് അതിലുള്ളതു മുഴുവൻ കുടഞ്ഞിടും, പണ്ട് പാത്രം വിൽക്കാനായി വരുന്ന പാലക്കാട്ടുകാരൻ ചാക്കിലുള്ള പാത്രങ്ങൾ അഴിച്ചിടുന്നതുപോലെ. അവസാനം കരഞ്ഞും പതം പറഞ്ഞും ദേഷ്യപ്പെട്ടും ഫോൺ വയ്ക്കുന്നതിന് മുൻപ് അവൾ പറയും “അച്ചാ, പ്രാർത്ഥിക്കണം കേട്ടോ”.

പ്രായപൂർത്തിയാകും മുൻപേ അവൾ അന്യമതത്തിലെ ഒരുവനെ സ്നേഹിച്ചു. അത് മൂത്തപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നു. പക്ഷേ ആ ബന്ധത്തിൽ അവൾക്ക് ലാഭം രണ്ടു പെൺകുഞ്ഞുങ്ങൾ മാത്രം. സ്നേഹിച്ചവന്‍റെ സ്നേഹം ഏതാനും വർഷം കഴിഞ്ഞപ്പോൾ തീർന്നുപോയി.

ജീവൻ തന്നെ അപകടത്തിലായപ്പോൾ മക്കളെയും എടുത്ത് അവൾ ഇറങ്ങി. ജീവിക്കാനായി ഒത്തിരി അലഞ്ഞു. അവസാനം ആരുടെയോ ഒക്കെ കാരുണ്യത്തിൽ തയ്യൽ പഠിച്ചു. ഒരു തയ്യിൽ മെഷീൻ ചവിട്ടി അവൾ ഇവിടം വരെയെത്തി. ഇത്രയും നാൾകൊണ്ട് സമ്പാദിച്ചത് ഗൾഫിലെ ജോലി നൽകാമെന്ന പേരിൽ ആരൊക്കെയോ തട്ടിയെടുത്തു. അതിനിടയിൽ, രോഗം, അസുഖം, ഓപ്പറേഷനുകൾ. കുഞ്ഞുങ്ങൾ ഇന്നുവരെ പട്ടിണി കിടന്നിട്ടില്ല എന്നതും, അവർ ഭംഗിയായി പഠിക്കുന്നു എന്നതുമാണ് ആകെയുള്ള ആശ്വാസം.വാടക കൊടുക്കാൻ വയ്യാതാകുമ്പോളാണ് മിക്കവാറും അവൾ വിളിക്കുക. അവൾക്ക് ഒറ്റ ആഗ്രഹമേയുള്ളൂ. സ്വന്തമായി ഒരു വീട്. എന്ന് സാധിക്കുമോ ആവോ?

ഒരു സ്ത്രീയും അനുഭവിക്കാൻ ഇടയില്ലാത്ത മർദ്ദനവും അവഹേളനവും അവൾ അനുഭവിച്ചു. സ്വന്തമെന്നു പറയാൻ ആരുമില്ല. മുൻപോട്ട് നോക്കിയാൽ ഇനി കാര്യമായ പ്രതീക്ഷകൾക്ക് ഇടമില്ല. എങ്കിലും ജീവിക്കാനുള്ള അവളുടെ ആ ആഗ്രഹം മൂലം, പിന്നെയും തയ്യൽ മെഷീൻ ആഞ്ഞു ചവിട്ടുന്നത് കാണുമ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിക്കാൻ തോന്നിപ്പോകും.

മാതാവിന്‍റെ ഹൃദയത്തിലൂടെ ഒരുവാൾ തുളഞ്ഞുകയറും എന്നാണ് ശിമയോൻ പ്രവചിച്ചത്. അവളുടെ ഏഴു വ്യാകുലങ്ങളിലെ ആദ്യത്തേത് അതായിരുന്നു. നാളെ അവളുടെ ഹൃദയത്തിലൂടെ തുളഞ്ഞു കയറാനായിപ്പോകുന്ന വാളിനെയോർത്ത് അവൾ എത്ര രാത്രികളിൽ ഞെട്ടി എഴുന്നേറ്റിരിക്കും? ഒരു പോള കണ്ണടയ്‌ക്കാനാവാതെ ഉറക്കം വറ്റി ഉഴറിയിരിക്കും? ചെവിയിൽ മുഴങ്ങുന്ന മണിനാദം പോലെ ശിമെയോന്‍റെ പ്രവചനം അവളെ ഒരു വേട്ടനായകണക്കെ പിന്തുടർന്നിട്ടുണ്ടാകണം. അനുഭവിക്കുന്ന വേദനയേക്കാൾ ചിലപ്പോൾ കഠോരം അനുഭവിക്കാൻ പോകുന്ന വേദനയക്കുറിച്ചുള്ള ആധിയായിരിക്കാം.

അവസാനം മകന്‍റെ ഹൃദയത്തിൽ കുന്തമിറങ്ങിയ നിമിഷം അവളുടെയും ഹൃദയത്തിൽ ഒരുവാൾ ആഴ്ന്നിറങ്ങി. പുതുമഴയിലെ ആദ്യമഴത്തുള്ളിയെ പുതുമണ്ണ് സ്വീകരിക്കുന്ന കണക്കെ, കുതറാതെ അവൾ ആ മുറിവേൽക്കുന്നു. മുറിവിൽ നിന്ന് ചോര ചീറ്റിയൊഴുകുന്നുണ്ടെങ്കിലും അവൾ ഉലയുന്നില്ല. വീണുപോകുന്നില്ല.

ഒന്നിലധികം തുളഞ്ഞുകയറിയ വാളുകളുമായി നടക്കുന്ന ഒത്തിരി മേരിമാരെ അറിയാം. ദീപ അതിലൊന്ന് മാത്രം. നമ്മുടെ വീടിന്‍റെ ചുമരുകൾക്കുള്ളിൽ, ജോലിയിടങ്ങളിൽ, വഴിവക്കുകകളിൽ, ആശുപത്രി വരാന്തകളിൽ എന്നുവേണ്ട കാണണം എന്ന ആഗ്രഹത്തോടെ നോക്കുന്ന എവിടെയും തുളഞ്ഞുകയറിയ വാളുമായി പോകുന്നവരെ കാണാം. ഇതുവരെ നീയവരെ കണ്ടിട്ടില്ലെങ്കിൽ കണ്ണാടിയിൽ നോക്കുക.

ഹൃദയം തുളയ്ക്കുന്ന വാളുകൾ – അതിൽ നിന്ന് നിനക്ക് ഒഴികഴിവില്ല. അത് ഇന്നല്ലെങ്കിൽ നാളെ നിന്നെ കീഴ്‌പ്പെടുത്തിയിരിക്കും. ഒരുങ്ങിയിരിക്കുക. മറിയത്തെപ്പോലെ അവയെ സ്വീകരിക്കുക. കയറിയിറങ്ങിയ വാളുകൾ മറിയത്തെ കൂടുതൽ പവിത്രയാക്കി. നിന്നെയും അത് വിമലീകരിക്കും.

യേശുവിന്‍റെ മരണത്തിനുശേഷം ആദ്യമായി യേശുവിന്‍റെ കല്ലറയിങ്കലേക്ക് പോയത് മഗ്ദലനമേരി ആയിരുന്നു. യേശുവിന്‍റെ വേർപ്പാടിൽ ഹൃദയം തകർന്നുപോയ അവൾക്ക് താങ്ങായതും ആശ്വാസമേകിയതും മറിയം തന്നെയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മുറിവേറ്റവനേ, മുറിവിന്‍റെ വേദനയറിയൂ. നീയേറ്റ മുറിവുകളാണ് ചുറ്റുമുള്ളവന്‍റെ വേദനയറിയാൻ നിന്നെ സഹായിക്കുക. നിന്‍റെ ഹൃദയം തുളച്ച വാളുകൾ നിന്നെയും കൂടുതൽ പവിത്രമാക്കട്ടെ.

ദീപ ഇന്നും വിളിച്ചു. സ്വന്തമായി ഒരുവീടെന്ന സ്വപ്നം അവളെ ഗൾഫിൽ എത്തിച്ചിരിക്കുന്നു. പക്ഷേ രണ്ടുമാസമായിട്ടും ജോലിയൊന്നും ശരിയായിട്ടില്ല. ഒരു കുടുസ്സുമുറിയിൽ അവളെപ്പോലെ വേറെ 8 പേരുകൂടിയുണ്ട്. ഹൃദയത്തിൽ വാളുകൾ തറഞ്ഞുകയറിയ 9 മേരിമാർ. ഇന്നല്ലെങ്കിൽ നാളെ ജോലി കിട്ടുമെന്ന പ്രതീക്ഷയിലാണവർ. പക്ഷേ ഇപ്രാവശ്യം ദീപ വിളിച്ചത് കൂടെയുള്ള ഒരു കുട്ടിക്ക് പനിയാണെന്നും പ്രാർത്ഥിക്കണമെന്നും പറയാനാണ്. അവസാനം അവൾ പറഞ്ഞു – “പ്രാർത്ഥിക്കുമ്പോൾ ഞങ്ങൾക്കെല്ലാവർക്കും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ”

ഞാൻ പറഞ്ഞില്ലേ ഹൃദയം തുളയ്ക്കുന്ന ചില വാളുകൾ നിന്നെ കൂടുതൽ പവിത്രയാക്കുമെന്ന്.. പ്രാർത്ഥനകൾ

(മാതാവിൻ്റെ ജനനതിരുന്നാളിന് തീക്ഷ്ണമായി നമുക്കൊരുങ്ങാം. ആശംസകൾ!)

✍ ഫാ. സിജോ കണ്ണമ്പുഴ OM

https://www.facebook.com/sijo.kannampuzha/posts/10219731077691299