കാണാതെ പോകുന്ന സ്നേഹങ്ങൾ

September 4, 2019

 

മണിയൊച്ചകേട്ട് ചെന്നപ്പോൾ കണ്ടത് ആശ്രമത്തിൻ്റെ മുറ്റത്തായി ഏകദേശം അമ്പത്തഞ്ച് വയസ്സ് പ്രായമുള്ള ഒരാൾ നിൽക്കുന്നു. രവിയെന്നാണ് പേര്. കണ്ടാൽ അറിയാം ക്ഷീണിതനാണ്. വളരെ പ്രയാസപ്പെട്ടാണ് നടക്കുന്നത്. ബസ് ഇറങ്ങി എങ്ങനെയാണ് ഇത്രയും ദൂരം നടന്നുവന്നതെന്ന് അറിയില്ല. കാര്യമന്ന്വേഷിച്ചപ്പോൾ വിവരങ്ങളെല്ലാം പറഞ്ഞു. മരം മുറിയ്ക്കുന്ന ജോലി ആയിരുന്നു. മൂന്നുമാസം മുൻപ് മരം മുറിച്ചപ്പോൾ അപകടം സംഭവിച്ചു. മരത്തിൽ നിന്ന് വീണു. അസ്ഥികൾ പലതും ഒടിഞ്ഞു. കുറേ ദിവസം ആശുപത്രിയിൽ കിടന്നു. കയ്യിലുണ്ടായിരുന്ന പൈസ മുഴുവൻ ചിലവാക്കി. ഇപ്പോൾ ഡിസ്ചാർജ് ആയതേ ഉള്ളൂ. ഇനിയും മൂന്നുമാസം കൂടി റസ്റ്റ് ആണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.

ചായയെല്ലാം കുടിച്ച് ഉണർവായപ്പോൾ ഞാൻ ചോദിച്ചു “വീട്ടിൽ ആരൊക്കെയുണ്ട്? ഭാര്യയും കുടുംബവുമൊക്കെ?” ഒരു ദീർഘനിശ്വാസമായിരുന്നു ഉത്തരം. കസേരയിലേക്ക് ചാഞ്ഞ് രവി ചേട്ടൻ കഥ പറയാനായി തുടങ്ങി.

രവിച്ചേട്ടൻ മലബാറിൽ വന്നിട്ട് 30 വർഷം കഴിഞ്ഞു. വീട് എറണാകുളം ജില്ലയിലായിരുന്നു. മത്സ്യക്കച്ചവടമായിരുന്നു ജോലി. വീടിനടുത്തുള്ള ശാരദയെന്ന ഒരു പെൺകുട്ടിയുമായി സ്നേഹത്തിലായി, വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോഴാണ് പ്രശ്നമായത്. വീട്ടിൽ ആരും സമ്മതിക്കുന്നില്ല. സാമ്പത്തീകമായി വളരെ പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയെ സ്വീകരിക്കാൻ രവിച്ചേട്ടൻ്റെ വീട്ടുകാർ തയ്യാറായില്ല. പെൺകുട്ടിയുമായി ഒളിച്ചോടുമെന്ന ഭീഷണിക്ക് ‘എങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല’ എന്ന മറുപടിയാണ് അമ്മയിൽ നിന്ന് കിട്ടിയത്. പ്രതീക്ഷകൾ നഷ്ടപ്പെട്ട, കൊടുത്ത വാക്ക് പാലിക്കാൻ സാധിക്കാതെ പോകുന്ന ആ അവസ്ഥയിൽ രവിച്ചേട്ടൻ ഒരു കടുംകൈ ചെയ്തു. മാരകമായ വിഷം ഉള്ളിൽ ചെന്ന നിലയിലാണ് വീട്ടുകാർ അദ്ദേഹത്തെ കണ്ടെത്തുന്നത്. വേഗം ആശുപത്രിയിലെത്തിച്ചു. രണ്ടുമാസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. ആരോഗ്യം വീണ്ടെടുത്ത് രവിച്ചേട്ടൻ വീട്ടിലെത്തിയപ്പോൾ ആദ്യം ‘ശാരദ’യെ കാണാനാണ് പോയത്. പക്ഷേ അവരുടെ വീട് അവിടെ ഉണ്ടായിരുന്നില്ല. രവിച്ചേട്ടൻ്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അവർ ആ സ്ഥലം കിട്ടിയ വിലയ്ക്ക് കൊടുത്ത് പാലക്കാട് എവിടേക്കോ രക്ഷപ്പെട്ടു.

രവി ചേട്ടൻ നിരാശനായി. ഒത്തിരി കഷ്ടപ്പെട്ട് ഒരു മാസത്തിനുള്ളിൽ അവർ എവിടെയാണ് ഉള്ളതെന്നറിഞ്ഞു. ഒരു രാത്രിയിൽ രവിച്ചേട്ടൻ വണ്ടി കയറി, പ്രഭാതത്തിൽ ശാരദയുടെ വീടിനുമുന്നിലെത്തി. മുറ്റമടിച്ചുകൊണ്ടു നിന്നിരുന്ന ശാരദയുടെ കഴുത്തിലെ താലി കണ്ട രവിച്ചേട്ടന് വേറെ ഒന്നും പറയാനുണ്ടായിരുന്നില്ല. അന്ന്, അവിടെ നിന്ന് മലബാറിന് പോന്നതാണ്. പിന്നെ നാടുമായി ഒരു ബന്ധവുമില്ല.

മാതാവിൻ്റെ വ്യാകുലങ്ങളിലെ മൂന്നാമത്തേത് യേശുവിനെ ദേവാലയത്തിൽ വച്ച് കാണാതാകുന്നതാണ് (ലൂക്ക 2: 41-52). മക്കളെ കാണാതാകുന്ന അവസ്ഥ ഒരമ്മയ്ക്കും താങ്ങാനാകില്ല. ഓരോ അമ്മയ്ക്കും മക്കൾ തങ്ങളുടെ ജീവിതത്തിൻ്റെ തുടർച്ചകളാണ്. ആ തുടർച്ചകൾ നഷ്ടപ്പെടുമെന്നുള്ള ചിന്ത പോലും അവരെ സംഭ്രമിപ്പിക്കും. യേശുവിനെക്കാണാതെ മറിയം തീ തിന്നത് 3 ദിവസമാണ്.

ഒരുപക്ഷേ മറിയം ഭാവിയിൽ അനുഭവിക്കാൻ പോകുന്ന ഹൃദയവ്യഥയെക്കുറിച്ച് ദൈവം അവൾക്ക് ഒരു മുന്നറിയിപ്പ് കൊടുത്തതാകുമോ? തൻ്റെ മകൻ മണ്ണിൽ മറവുചെയ്യപ്പെട്ടപ്പോൾ മുതൽ ഉയിർത്തെഴുന്നേറ്റതുവരെയുള്ള മൂന്നുദിവസത്തിൻ്റെ കയ്പുനീർ കുടിക്കുവാനായി ദൈവം അവളെ ഒരുക്കുകയായിരുന്നോ?

സ്നേഹിച്ചവരും കൂടെയുണ്ടാകണമെന്ന് ആഗ്രഹിച്ചവരും ഒന്നും മിണ്ടാതെ പടിയിറങ്ങുമ്പോൾ, ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് അപ്രത്യക്ഷരാകുമ്പോൾ അത് സൃഷ്ടിക്കുക വലിയൊരു പരാജയബോധമായിരിക്കും. അതിനെ അതിജീവിക്കുക എളുപ്പമല്ല. പ്രത്യേകിച്ച് ഇനിയാബന്ധങ്ങൾ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയില്ലാത്തപ്പോൾ.

ഭൂമിയിലെ കാണാതാകലുകളേക്കാളും ഭീകരമാണ് ഹൃദയത്തിലെ കാണാതാകലുകൾ. ഒരു പ്രത്യേക നിമിഷം നീ തിരിച്ചറിയുകയാണ് നിൻ്റെ ഹൃദയത്തിൽ നീ കൂടൊരുക്കിയിരുന്ന പലരും അവിടെ നിന്ന് പറന്നകന്നെന്ന്. ആ കൂട്ടിൽ നീ ഏകനാവുകയാണ്. ആ കൂട് നിനക്ക് നഷ്ടപ്പെട്ടുപോയ സ്നേഹത്തിൻ്റെ ശവകുടീരമായി മാറുന്നു.

ഹൃദയത്തിലേക്കൊന്നു നോക്കാം, അവിടെ എത്ര കല്ലറകൾ ഉണ്ട് എന്ന്. എത്രപേരുടെ ഹൃദയത്തിൽ ഞാൻ കല്ലറയായി മാറിയെന്ന്. ചിലർ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ അവർക്ക് നമ്മൾ ഹൃദയത്തിൽ കുഴിമാടം തീർത്ത് കുരിശും നാട്ടിയിരിക്കും. കൺവെട്ടത്തുനിന്ന് മാറിയാലും ആരും ഹൃദയവെട്ടത്തിൽ നിന്ന് മറയാതിരിക്കട്ടെ.

ഡോക്ടർ നിർദ്ദേശിച്ച വിശ്രമവും മരുന്നും കിട്ടിയപ്പോൾ സാവധാനം രവി ചേട്ടൻ ആരോഗ്യം വീണ്ടെടുത്തു. ചെറിയ ജോലികളൊക്കെ ചെയ്യാൻ തുടങ്ങി. ഒത്തിരി സംസാരിക്കാനും തമാശ പറയലുമൊക്കെ ശീലമായി. ഒരു അവധിദിവസം, നിലാവുള്ള രാത്രിയിൽ ആകാശത്തിലെ നക്ഷത്രങ്ങളെ എണ്ണി കിടക്കുമ്പോൾ ഞാൻ രവിയേട്ടനോട് ചോദിച്ചു “ശാരദയെ കാണാതെ വിഷമമൊന്നുമില്ലേ?”

“ആര് പറഞ്ഞു കാണുന്നില്ലെന്ന്. എല്ലാ വർഷവും അവരുടെ അമ്പലത്തിലെ ഉത്സവത്തിന് ഞാൻ പോകും. അമ്പലത്തിലേക്കുള്ള വഴിയിൽ കാത്തിരിക്കും. അവൾ മൂന്നു കുഞ്ഞുങ്ങളുമായി വരും. ഞങ്ങൾ പരസ്പരം കാണും. ഒന്നും മിണ്ടാറില്ല. അപ്പോൾ തന്നെ തിരിച്ചുപോരും”

“ഓരോ വർഷവും കഴിയുമ്പോൾ വിചാരിക്കും ഇനി പോകേണ്ട എന്ന്. പക്ഷേ ആ സമയം വരുമ്പോൾ പോകാതിരിക്കാനാവില്ല”

✍ Fr Sijo Kannampuzha OM