മറിയം വഴി ക്രിസ്തുവിലേക്ക്

September 10, 2019

 

പതിവുപോലെ ആഴ്ചയിലൊരിക്കലെ വി. കുർബ്ബാനയ്ക്കായി മഠത്തിലെത്തി. പ്രായമായ, പെൻഷൻപറ്റിയ കന്യാസ്ത്രീ അമ്മമാരാണ് ഏറെയും അവിടെയുള്ളത്. രാവിലെ മുതൽ വൈകുന്നേരം വരെ പരി. കുർബ്ബാന എഴുന്നള്ളിച്ചുവച്ചു അതിന്‍റെ  മുമ്പിലിരുന്ന് പ്രാർത്ഥിക്കുക എന്നുള്ളതാണ് അവരുടെ പ്രധാന ജോലി. അവരുടെ കൂടെ പ്രാർത്ഥിക്കാനും അവരോട് പ്രാർത്ഥനാ സഹായം തേടാനും ആളുകൾ അവിടെ ചെല്ലാറുമുണ്ട്.

തിരുവസ്ത്രങ്ങളണിഞ്ഞ് ഞാൻ അൾത്താരയിൽ വി. കുർബ്ബാന ആരംഭിച്ചു. കുർബ്ബാന സ്വീകരണത്തിന് മുൻപായി സക്രാരി തുറന്ന് തിരുവോസ്തി എടുക്കാനായി ചെന്നപ്പോളാണ് ഒരു കാഴ്ച കണ്ടത്. ഒരു സിഗരറ്റ് സക്രാരിയുടെ അടുത്തായി ഇരിയ്ക്കുന്നു. അത് അല്പമെന്നെ അത്ഭുതപ്പെടുത്തി. അങ്ങനെയൊന്ന് ഒരിക്കലും വരാൻ യാതൊരു സാധ്യതയുമില്ലാത്തിടത്താണ് അതിരിയ്ക്കുന്നത്. സാധാരണ കടലാസ്സു കഷണങ്ങളൂം അവിടെ ഇരിയ്ക്കാറുണ്ട്. ആളുകളുടെ പ്രധാനപ്പെട്ട പ്രാർത്ഥനാ നിയോഗങ്ങളാണ് അമ്മമാർ എഴുതി അവിടെ സാധാരണ വയ്ക്കാറുള്ളത്.

കുർബ്ബാനയ്ക്കുശേഷം അത് മദറിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. തിരിച്ചുപോന്നു. പിന്നീട് അവിടെ ചെന്നപ്പോഴാണ് സിഗരറ്റിന്‍റെ  കഥ അവരെന്നോട് പറഞ്ഞത്. ആ ഇടവകയിൽ ഒരു ചേട്ടനുണ്ട്. അദ്ദേഹം പുകവലിയെന്ന ദുശീലത്തിന് അടിമയായിരുന്നു. ഒത്തിരി ധ്യാനങ്ങൾ കൂടിയെങ്കിലും ഒത്തിരി തീരുമാനങ്ങളെടുത്തെങ്കിലും അതിലൊന്നും പിടിച്ചു നിൽക്കാൻ അദ്ദേഹത്തിനായില്ല. അപ്പഴാണ് മഠത്തിലെ ഒരമ്മയുമായി സംസാരിച്ചത്. ആ അമ്മയാണ് സക്രാരിയുടെ അടുത്ത് സിഗരറ്റ് കൊണ്ട് വച്ചത്. വിശ്വാസത്തോടെയുള്ള അവരുടെ പ്രാർത്ഥന ഫലം കണ്ടുവെന്ന് ഞാൻ വിശ്വസിക്കുന്നു.

ഇന്ന് നമ്മുടെ അമ്മയുടെ ജന്മദിനമാണ്. എട്ടുനോമ്പിന്‍റെ എല്ലാ വിശുദ്ധിയോടും കൂടി നമുക്കത് ആചരിക്കാം. ഈശോയെ ഇത്രമാത്രം വിശ്വസിച്ച വേറെആരുമില്ല. ദൈവത്തിന്‍റെ ഹിതത്തിനോട് ആമ്മേൻ പറഞ്ഞപ്പോഴും അവസാനം കല്ലറയിലടക്കിയപ്പോഴും ഒരേ മനസ്സോടെ, ഉടഞ്ഞുപോകാത്ത വിശ്വാസവുമായി അമ്മ നമ്മെ അത്ഭുതപ്പെടുത്തുകയാണ്. സുവിശേഷങ്ങളിൽ ഞാൻ കാണുന്ന അത്ഭുതം, അമ്മ അത്ഭുതങ്ങളൊന്നും പ്രവർത്തിച്ചില്ല എന്നതും അത്ഭുങ്ങളുടെ പിന്നാലെ ഓടിയില്ല എന്നതുമാണ്. കാനായിലെ കല്യാണവേളയിലെ അത്ഭുതത്തിന്‍റെ ക്രെഡിറ്റ് എടുക്കാനൊന്നും അമ്മ മുതിരുന്നില്ല. ദൈവത്തിലുള്ള വിശ്വാസം അമ്മയ്ക്ക് ആവശ്യത്തിൽ അധികമായിരുന്നു.

മാതാവ്, നമുക്കിന്ന് അത്ഭുതങ്ങൾ നേടിത്തരുന്ന ഒരു യന്ത്രമായ് മാറിയിട്ടുണ്ടെങ്കിൽ, തോൽക്കുന്നത് ആ അമ്മ തന്നെയാണ്. അമ്മയുടെ മുൻപിൽ നീ മുട്ട് കുത്തുന്നത് നിന്‍റെ  ആവശ്യങ്ങളുടെ ലിസ്റ്റ് നിരത്താനാണെങ്കിൽ അവിടെയും നമുക്ക് തെറ്റുപറ്റുകയാണ്. ‘അവൻ പറയുന്നത്പോലെ നിങ്ങൾ ചെയ്യുക’ എന്നത് മാത്രമാണ് മറിയം സുവിശേഷത്തിൽ മനുഷ്യനോട് സംവദിച്ച വാക്കുകൾ. മറ്റൊരുവാക്കും മറിയത്തിന്‍റെ  അധരത്തിൽ നിന്ന് പുറത്തുവന്നിട്ടില്ല (ഈശോയോട് സംസാരിച്ചത് പോലും സുവിശേഷത്തിൽ വളരെ കുറച്ചാണ്).

അമ്മയുടെ മുൻപിൽ നാം പ്രാർത്ഥിക്കേണ്ടത് ഇതാണ് – അവളെപ്പോലെ ക്രിസ്തുവിന്‍റെ പാതയിൽ സഞ്ചരിക്കാനുള്ള കൃപ ലഭിക്കുവാൻ.

ഏവർക്കും ഒരിക്കൽക്കൂടി അമ്മയുടെ തിരുന്നാൾ മംഗളങ്ങൾ!

✍ Fr Sijo Kannampuzha OM