ചില കെട്ടിപിടുത്തങ്ങൾ

September 10, 2019

 

ചിലപ്പോൾ എങ്കിലും ഏവരും ആഗ്രഹിക്കുന്ന ഒന്നാണ് ഒന്നു കെട്ടിപ്പിടിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നുള്ളത്. സന്തോഷം വരുമ്പോളും ദുഃഖം വരുമ്പോളും ഒരുപോലെ കെട്ടിപ്പിടിക്കാൻ സാധിക്കുക. ഒരുതരത്തിൽ ചേർത്തു നിർത്തുന്ന ഒരു അവസ്ഥാന്തരം. വിജയംനേടി ഓടിവരുമ്പോൾ കെട്ടിപിടിച്ചു അഭിനന്ദനങ്ങൾ എന്നു പറയുമ്പോൾ ഉള്ള സന്തോഷം, പരാജയം ഏറ്റുവാങ്ങി എല്ലാം നഷ്ടപ്പെട്ടു എന്നുപറഞ്ഞു കരഞ്ഞു ഹൃദയംപൊട്ടി വരുമ്പോൾ ചേർത്തു പിടിച്ചു സാരമില്ലടാ, പോട്ടെ എന്നൊക്കെ കേൾക്കുമ്പോൾ ഉള്ള സ്വാന്തനം. അത് മനസ്സിൽ ഉണർത്തുന്ന ഒരു കുളിർമ ജീവിതത്തിലെ പുതുശ്വാസം പോലെ ജീവനുറ്റതാണ്.

ഒരു ചേർത്തുനിർത്തൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്, മനുഷ്യനെ മുന്നോട്ടു നയിക്കാൻ, മനുഷ്യന് മുന്നോട്ടു കുതിക്കാൻ.
ഒരു കെട്ടിപ്പിടുത്തം,
ഒരു ചേർത്തു നിർത്തൽ,
അവിടെ അതിരുകളില്ല,
എത്ര വലുതാണത്, നിമിഷങ്ങളല്ല, ചില നേരങ്ങളിൽ മുഴോൻ ജീവിതാണ് അതപ്പൊ തരണത്. Tight ആയുള്ള ഒരു കെട്ടിപ്പിടുത്തം ആണേൽ ആ വ്യക്തിയുടെ ഹൃദയത്തുടിപ്പുകൾ പോലും വ്യക്തമായി അനുഭവിക്കാൻ സാധിക്കും. ആ ചേർന്നു നിൽക്കുമ്പോൾ കിട്ടുന്ന ശാന്തത, സംപ്രേക്ഷണം, care വേറെ ഒരിക്കലും കിട്ടുകയില്ല. ബൈബിളിൽ എല്ലാം നഷ്ടപ്പെടുത്തി ജീവിതം പോലും തുലച്ചു കളഞ്ഞു തിരിച്ചു വരുമ്പോൾ മാറോടു ചേർത്തു കെട്ടിപ്പിടിക്കുന്ന ഒരു അപ്പൻ ഉണ്ട്. എന്തൊരു ചേർത്തു നിർത്തൽ ആണ്. പോട്ടെടാ നിന്റെ കൂടെ അടുത്തു ഞനില്ലേ എന്നു പറയത്തക്ക ഒരു ആത്മവീര്യം തന്നെ. എന്റെ അവസ്ഥകൾ എന്താണെങ്കിലും എന്നെ ചേർത്തു നിർത്തുന്ന ഒന്ന്.

നീഷേ തന്റെ രചനകളിൽ ഉപയോഗിക്കുന്ന ഒരു പദം ഉണ്ട് Amor Fati. ഒരുവന്റെ ഉയർച്ചകളെയും താഴ്ചകളെയും കുറവുകളേയും നിറവുകളെയും എല്ലാം അതുപോലെ തന്നെ സ്വീകരിക്കുന്ന ഒരു സ്നേഹവീക്ഷണം. മനസ്സിൽ കറുപ്പുള്ള മനുഷ്യർ കെട്ടിപ്പിടുത്തങ്ങളെ വെറും ലൈംഗികചുവയോടെ മാത്രം കാണുന്നു. കെട്ടിപിടിടുത്തങ്ങൾ ഞാൻ കൂടെ ഉണ്ടെന്ന അവബോധങ്ങൾ ഒരാളിൽ ഉണർത്തൽ ആണ്. നിറങ്ങളുടെ ക്രമങ്ങൾ മാറിപ്പോയ പല മഴവില്ലുകളെയും തിരിച്ചു പിടിക്കാൻ എന്റെ ചില കെട്ടിപിടുത്തങ്ങൾ കൊണ്ട് സാധിക്കും. ജീവിതത്തിന്റെ സ്വരങ്ങളുടെ ഗണനം തെറ്റിപ്പോയ പലരും ആഗ്രഹിക്കുന്നത് ഈ ചേർത്തുനിർത്തൽ ആണ്.

ഉയരെ എന്ന സിനിമയിൽ പല്ലവി എന്ന കഥാപാത്രം, തന്റെസ്കൂൾ കാലത്തിൽ എല്ലാരാലും കളിയാക്കപ്പെട്ടു ഇരുന്നപ്പോൾ അവൾ മനസ്സിൽ ആഗ്രഹിച്ചിരുന്നത് എന്താണെന്നു അപ്പനോട് പറയുന്നുണ്ട്. അപ്പാ ഞാൻ അന്ന് ആകെ ആഗ്രഹിച്ചിരുന്നത് ഒരു കെട്ടിപ്പിടുത്തമാണ്. അത് എനിക്ക് ഗോവിന്ദ് ആണ് അന്ന് തന്നത്. എന്റെ പെങ്ങളൂട്ടിയോടു ഞാൻ ചോദിച്ചു, നീ ന്തുകൊണ്ടാണ് അവനെ പോയി സ്നേഹിച്ചത്, അൽപ്പം കൂടെ മെച്ചപ്പെട്ട ഒരുത്തനെ, കുടുബത്തിന്നു, പോരാരുന്നോ ?ഞാൻ വളരെ depressed ആരുന്ന അവസ്ഥയിൽ, എന്റെ അടുത്തു ആരും വന്നില്ല, അവനാണ് ആ സമയത്തു എന്നെ ചേർത്തുനിർത്തിയത്, സ്നേഹം തന്നത്.

കിട്ടേണ്ടത് കിട്ടേണ്ടടത്തു നിന്ന് കിട്ടിയില്ലെങ്കിൽ കിട്ടുന്നിടം തേടി മനുഷ്യൻ യാത്രയാകും. ചേർത്തുനിർത്തുന്നവരെ തേടി മനുഷ്യർ യാത്രയാകും. പല ചേർത്തു നിർത്തലുകളും ആണ് ആശിക്കാനും പ്രവർത്തിക്കാനും ഒക്കെ നമ്മെ പ്രേരിപ്പിക്കുക. കെട്ടിപ്പിടിക്കാം ചേർത്തുനിർത്താം ചുറ്റുമുള്ളവരെ സ്നേഹം കൊണ്ട് നന്മകൾ കൊണ്ട്.

✍ ഷെബിൻ ചീരംവേലിൽ

https://www.facebook.com/shebincheeramvelil/posts/2635943696452612