ദൈവമാതാവിന്‍റെ സംരക്ഷണം

November 19, 2019

ചാൾസ് പ്ലംബ് എന്ന യുദ്ധവിമാനത്തന്‍റെ പൈലറ്റിനെക്കുറിച്ച് വായിച്ചു. ദീർഘകാലം നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ അദ്ദേഹത്തിന്‍റെ വിമാനം ശത്രുക്കൾ വെടിവച്ചിട്ടു. ജീവൻ രക്ഷിക്കാൻ അദ്ദേഹം പാരച്യൂട്ട് ഉപയോഗിച്ചു ലാൻഡ് ചെയ്തു. ശത്രു കരങ്ങളിൽ പെട്ടു. 6 വർഷം വിയറ്റ്നാമിൽ തടവിൽ കഴിഞ്ഞു. പിന്നീട് മോചിതനായി. തന്‍റെ അതിജീവന പോരാട്ട കഥകളുടെ പ്രഭാഷണം നടത്തിപ്പോന്നു. ഒരിക്കൽ ഒരു റസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കുമ്പോൾ ഒരപരിചിതൻ അടുത്തെത്തി പറഞ്ഞു. “കിറ്റി ഹോക് എന്ന യുദ്ധവിമാനം പറത്തിയിരുന്ന, വെടിയേറ്റ് വീണ ചാൾസ് പ്ലംബ് അങ്ങാണല്ലോ!” ചാൾസ് അൽഭുതപ്പെട്ടു, അത് നിങ്ങൾക്കെങ്ങിനെ അറിയാം?
“അങ്ങേയ്ക്ക് പതിവായി പാരച്യൂട്ട് തയ്യാറാക്കി വച്ചു കൊണ്ടിരുന്നത് ഞാനാണ്. അത് കൃത്യമായും വേണ്ട സമയത്തു തന്നെ പ്രവർത്തിച്ചു എന്നു ഞാൻ മനസിലാക്കുന്നു”.
”നിശ്ചയമായും… വേണ്ട സമയത്ത് അതു പ്രവർത്തിച്ചിരുന്നില്ലെങ്കിൽ ഞാനിപ്പോ ജീവനോടെ ഉണ്ടാവില്ലായിരുന്നു”. ചാൾസ് മറുപടി പറഞ്ഞു.

പിരിയുമ്പോൾ അയാളോർത്തു. എത്രയോ തവണ, ഈ കീഴ്ജീവനക്കാരൻ തനിക്കു മുന്നിലൂടെ കടന്നു പോയിരിക്കണം. ഒരിക്കൽ പോലും ആ മുഖം ശ്രദ്ധിച്ചിട്ടില്ല. സുപ്രഭാതം ആശംസിച്ചിട്ടില്ല. അതിനും മാത്രം പ്രാധാന്യം അയാളെക്കുറിച്ച് തോന്നിയിട്ടുണ്ടാവില്ല. പക്ഷേ, ശ്രദ്ധാപൂർവം അയാൾ പായ്ക്ക് ചെയ്തു വച്ചിരുന്ന അതേ പാരച്യൂട്ടാണ് തന്‍റെ ജീവൻ കാത്തത്.

മറക്കാതിരിക്കുക. മരണകരമായ അപകടത്തിൽ നമുക്കു മേലെ കുട പോലെ നിവരുന്ന പാരച്യൂട്ട് ജപമാലയിലൂടെ ലഭിക്കുന്ന ദൈവമാതാവിന്‍റെ സംരക്ഷണമാണ്. മുങ്ങിത്താഴാനൊരുങ്ങുമ്പോൾ താങ്ങിനിർത്തുന്ന ലൈഫ് ജാക്കറ്റും അതു തന്നെ. വാർധക്യം കൊണ്ട് മെല്ലിച്ച ചില കരങ്ങൾ… സന്യാസത്തിന്‍റെയും പൗരോഹിത്യത്തിന്‍റെയും മേലാപ്പണിഞ്ഞ ചില കരങ്ങൾ… താലിക്കു മുന്നിൽ നമ്രശിരസ്കയായി നിന്ന സഖിയുടെ കരങ്ങൾ… മക്കളുടെ കരങ്ങൾ… എവിടൊക്കെയോ ഇരുന്ന് ജപമാലയെന്ന പാരച്യൂട്ടിന്‍റെ കാണാച്ചരടുകൾ ഉരുക്കഴിക്കുന്നുണ്ട്. ലൈഫ് ജാക്കറ്റ് തുന്നുന്നുണ്ട്. അതിന്‍റെ സുരക്ഷിതത്വമാണ് നമ്മെ പൊതിഞ്ഞു നിൽക്കുന്നത്. എപ്പോഴെങ്കിലും ഒരു നന്ദി വാചകം…. വേണ്ട, പകരമൊരു പ്രാർത്ഥനയുടെ കുട ഉയർത്തുമോ അവർക്കു മുകളിലും? ഒരു ജാക്കറ്റ് കൊണ്ട് പൊതിയുമോ അവരെയും?

പ്രിയപ്പെട്ടവരേ, അശാന്തിയുടെയോ അസ്വസ്ഥതയുടെയോ നിരാശയുടെയോ സങ്കടത്തിന്‍റെയോ പരീക്ഷണത്തിന്‍റെയോ നാളുകളിൽ, ജപമാല ധ്യാനം, സംരക്ഷണത്തിന്‍റെ കുടയായി വിരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവമാതാവിന്‍റെ സംരക്ഷണത്തിന് ഈ അക്ഷരങ്ങളിലൂടെ കടന്നു പോയ ഓരോരുത്തരെയും സമർപ്പിക്കുന്നു. നിങ്ങൾക്ക് ഒരു പാരച്യൂട്ട് ഒരുക്കുവാൻ ദൈവം എന്നെ ഉപകരണമാക്കിയതിൽ സന്തോഷിക്കുന്നു.

തോന്ന്യാക്ഷരങ്ങളിൽ ആത്മാവ് നിറയ്ക്കുന്ന ദൈവത്തിനു നന്ദി!
വാട്സാപ്പിൽ 62 പേർക്ക് മാത്രമായി അയച്ചിരുന്ന ഈ കുറിപ്പുകൾ ഫേസ് ബുക്കിൽ ഇടാൻ നിർബന്ധിച്ച സിജോ കണ്ണംപുഴ അച്ചനും നന്ദി! എഴുതാൻ പ്രചോദനവും പ്രോൽസാഹനവും തന്ന നിർമലച്ചൻ, അജോ അച്ചൻ, ജിജിയച്ചൻ, ഇരുമ്പുകുത്തിയിലച്ചൻ, കുര്യാസ് അച്ചൻ, അമ്പലത്തിങ്കലച്ചൻ… സന്ധ്യ, ജയ്മോൾ, സിന്ധു, സ്മിത, ടീന, മിനി, ബിനോജ്, മനു സാർ, റോബിൾ സാർ, എലിസബത്ത് മാം… കീമോയുടെ ബുദ്ധിമുട്ടുകൾക്കിടയിലും ഇവ വായിച്ച് ആശ്വസിച്ച ഡയോണി ടീച്ചർ… നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഫേസ് ബുക്കിലും വാട്സാപ്പിലുമായി തേടിയെത്തിയ ഒരു പിടി സൗഹൃദങ്ങൾ ..! ഏവർക്കും നന്ദി !!

സ്നേഹപൂർവം
✍ ജോയ് എം പ്ലാത്തറ