ജീവിതത്തിലെ രണ്ട് ചിന്തകള്‍

November 21, 2019

 

ഒരിയ്ക്കൽ ഒരു വൃദ്ധൻ ബദാം മരത്തിന്‍റെ തൈകൾ നടുകയായിരുന്നു. ആ സമയത്ത് അതുവഴി യാത്രചെയ്യുകയായിരുന്ന ഒരാൾ അദ്ദേഹത്തിനടുത്തെത്തി. പൊതുവേ ബദാം മരം നട്ടാൽ വിളവെടുപ്പിന് ഒരുപാടുകാലമെടുക്കും. അതറിയാവുന്ന സഞ്ചാരി വൃദ്ധനോട് ചോദിച്ചു.

“നിങ്ങൾക്ക് പ്രായമേറെയായിരിക്കുന്നു. എന്നിട്ടുമെന്താണ് വിളവെടുപ്പിന് കാലങ്ങളോളമെടുക്കുന്ന മരത്തിന്‍റെ തൈകൾ നിങ്ങള് ഇപ്പോൾ നടുന്നത്?”

അപ്പോൾ വൃദ്ധൻ പറഞ്ഞു “ഞാൻ ജീവിതത്തിൽ രണ്ട് ചിന്തകളാണ് പിന്തുടരുന്ന്. ഒന്ന് ഞാനെന്നും ജീവിയ്ക്കുമെന്ന ചിന്തയും രണ്ടാമത്തേത് ഇതാണെന്‍റെ അവസാന ദിവസമെന്ന ചിന്തയുമാണ്”.

ഇന്ന് ആയുസ്സിലെ അവസാന ദിനമാണെന്ന ഒറ്റ വിചാരം മതി ഒരു മനുഷ്യന് വിശുദ്ധനാകാൻ. ആ ചിന്തക്ക് വിമലീകരിക്കാവുന്നതേയുള്ളൂ ഈ ഉയിരിലെ കറകളെല്ലാം. ഇനി ഒരു പ്രഭാതം കൂടി നല്കപ്പെടില്ല എന്നുറപ്പുണ്ടെങ്കിൽ എത്ര ശ്രദ്ധയോടെയാകും നമ്മുടെ ഓരോ ചുവടുവയ്പുകളും? ഒരു ഉറുമ്പിനെപ്പോലും നോവിക്കാതെ ഓരോ പാദങ്ങളും നമ്മൾ എടുത്ത് വയ്ക്കും. ദേവാലയപരിശുദ്ധിയോടെ ഈ ഭൂമിയിൽ നാം നിഷ്പാദുകരാകും. കടന്നുപോകുന്ന മന്ദമാരുതനോടും വന്നുവീഴുന്ന പ്രകാശകിരണങ്ങളോടും തരളിതനാകും. ഓരോ നീർതുള്ളിയെയും ചുംബിച്ചിറക്കും. ചവയ്ക്കപ്പെടുന്ന ആഹാരത്തോടുപോലും മാപ്പ് ചോദിക്കും. തിമിർത്തുപെയ്യുന്ന മഴയെ നോക്കി പുഞ്ചിരിക്കും. പറന്നുപൊങ്ങുന്ന കിളികളോട് കിന്നാരം പറയും. കളകളാരവം മുഴക്കുന്ന നദികളെയും സുഗന്ധം പൊഴിക്കുന്ന ഇലച്ചാർത്തുകളെയും പ്രണയിക്കും.

നിന്‍റെ കൈക്കുഞ്ഞിനെ ഇനി ഒരിക്കൽക്കൂടി ചേർത്തുപിടിക്കാൻ ആവില്ലെന്നറിഞ്ഞാൽ എത്ര ലോലഭാവത്തോടെയാണ് നീ അവനെ പുണരുക? നിന്‍റെ ചോരയോടുന്ന സഹോദരസിരകളോട് ഹൃദയം തൂകാതെ യാത്രാമൊഴി ചൊല്ലാനാകുമോ? വാത്സല്യമൊഴുക്കിയ അപ്പച്ചനെ എങ്ങനെ നീ പിരിഞ്ഞുപോകും? ഗർഭത്തിലും മനസ്സിലും നിന്നെ കാത്തുസൂക്ഷിച്ച, പാലായും പ്രാർത്ഥനയായും നിന്‍റെ പ്രാണന് അമൃതേകിയ അമ്മയെ നീ എങ്ങനെ മറക്കും? നിനക്കുവേണ്ടി മാത്രം എരിഞ്ഞുതീർന്ന പ്രാണസഖിയെ ആരുടെ കൈകളിൽ നീ ഏൽപ്പിക്കും?

ഇനി നീ ആരോടുമുള്ള നിന്‍റെ സ്നേഹം തുറന്നു പറയരുത്. അത് കേൾക്കാൻ ഇനിയാരുമില്ല. സ്നേഹത്തിന്‍റെ കണക്കുകൾ കോറിയിടാൻ ഇനി നിന്‍റെ പറ്റുപുസ്തകങ്ങളിൽ ഏടുകൾ അവശേഷിക്കുന്നില്ല. സായാഹ്നത്തിലെ മഴക്കാറ്റിനുമുൻപേ കൂടണയാൻ വെമ്പൽകൊള്ളുന്ന പക്ഷിയെപ്പോലെ നിന്‍റെ ആത്മാവ് നിയതിയെ പൂകുകയാണ്..

നീയെന്നും ജീവിക്കും, ഇന്ന് അവസാനത്തെ ദിവസമാണെന്ന് ചിന്തിച്ചാൽ.

വചനം : കർത്താവിനെ ഭയപ്പെടുന്നവന്‍റെ
അവസാനം ശുഭമായിരിക്കും; മരണദിവസം അവൻ  അനുഗൃഹീതനാകും (പ്രഭാ 1:13).

✍ ഫാ. സിജോ കണ്ണമ്പുഴ OM

https://www.facebook.com/sijo.kannampuzha/posts/10217465434891645