ആദരാഞ്ജലികൾ.

November 21, 2019

 

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം മനുഷ്യൻ സ്വപ്‌നങ്ങൾ ഉള്ളവനാണെന്നതും അവന്‍റെ ഇന്നുകൾ ആ സ്വപ്നങ്ങളെ ധ്യാനിച്ചുകൊണ്ടുള്ളത് ആണെന്നുമാണ്. മൃഗങ്ങൾ ഇന്നിനുവേണ്ടി ജീവിക്കുമ്പോൾ മനുഷ്യൻ നാളെയെക്കുറിച്ചു സ്വപ്നം കാണുന്നു. ഓരോ മനുഷ്യനും ഒരായിരം സ്വപ്നങ്ങളുടെ തടവിലാണ്. സ്വപ്നം കാണാൻ കഴിവുള്ളിടത്തോളം അവൻ ജീവിച്ചുകൊണ്ടേയിരിക്കും.

ഒരു മനുഷ്യൻ മരിക്കുമ്പോൾ അവന്‍റെ സ്വപ്‌നങ്ങൾ നിശ്ചലമാകുന്നു. അവന്‍റെ ശരീരമോ ആത്മാവോ പിന്നെ ആർക്കും നിയന്ത്രിക്കാൻ സാധിക്കില്ല. എന്നാൽ അവന്‍റെ സ്വപ്നങ്ങളെ നമുക്ക് ദത്തെടുക്കാം. ഒരുവന്‍റെ സ്വപ്നങ്ങളെ ദത്തെടുക്കുന്നതും അവക്ക് നിറങ്ങൾ കൊടുക്കാൻ സാധിക്കുന്നതുമാണ് ഏറ്റവും വലിയ ആദരാഞ്ജലി.

സെഹിയോൻ ഊട്ടുശാലയിൽ മകന്‍റെ സ്വപ്‌നങ്ങൾക്ക് ഊടും പാവും നെയ്യാനായി മകന്‍റെ ചകിതരായ ശിഷ്യരെ, ഒരു തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ ചേർക്കുന്നതുപോലെ, ചേർത്തുപിടിച്ചു ആത്മാവിന്‍റെ വരവിനായി കാത്തിരിക്കുന്ന, കാത്തിരിക്കാൻ ഒരുക്കുന്ന ഒരമ്മയെ കാണാം. തന്‍റെ മകൻ കണ്ട സ്വപ്‌നങ്ങൾ അവളിലൂടെ പിന്നെയും ജീവനെടുക്കുകയാണ്‌.

മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് നീ നൽകുന്ന വിലയാണ് ശരിയായ ആദരാഞ്ജലി. കീമോതെറാപ്പി കഴിഞ്ഞ മകൾ, നഷ്ടപ്പെട്ട മുടിയെ ഓർത്ത് ദുഖിക്കാതിരിക്കാൻ തല ക്ഷൗരം ചെയ്ത ഒരമ്മയെ അറിയാം. ഉള്ളകഞ്ഞി ഇളയവർക്കെല്ലാം പങ്കുവച്ചുനല്കി, അവരുടെ മുൻപിൽ പാത്രവുമായി ഭിക്ഷക്കാരനായി യാചിക്കുന്ന ഒരു സഹോദരൻ 35 വർഷം മുൻപ് എന്‍റെ അയല്പക്കത്ത് ഉണ്ടായിരുന്നു. സ്‌കൂളിൽ നിന്ന് കിട്ടുന്ന നാല് ബ്രഡ് കഷണങ്ങൾ കഴിക്കാതെ, അത് വീട്ടിലേക്ക് കൊണ്ടുവരുന്ന ഒരുസഹോദരി ഉണ്ടായിരുന്നത്കൊണ്ട് ഇന്നും ബ്രഡ് കാണുമ്പോൾ എന്‍റെ ഹൃദയം കുതറിയോടുന്നത് ആ ബാല്യത്തിലേക്ക് തന്നെ. ഇവരെല്ലാം കൂടെയുള്ളവരുടെ സ്വപ്നങ്ങൾക്കുവേണ്ടി അവരുടെ സ്വപ്നങ്ങളെ തച്ചുടച്ചവരാണ്.

ഒരാൾക്കുനല്കുന്ന ആദരാഞ്ജലിയിലും ഈ കയ്യൊപ്പ് വേണം. നിന്‍റെ പൂച്ചെണ്ടുകളോ, ദീപധൂപങ്ങളോ, ഫ്ലക്സ്കളോ, നീ എറിയുന്ന നോട്ടുകളോ അല്ല, ആ മനുഷ്യൻ ചേർത്തുപിടിച്ചിരുന്ന സ്വപ്നങ്ങൾക്ക് ജീവൻ കൊടുക്കുക എന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ആദരാഞ്ജലി. അതിനു അവന്‍റെ സ്വപ്നങ്ങളെ തിരിച്ചറിഞ്ഞിരുന്നിരിക്കണം. അത് സ്വന്തം സ്വപ്‌നങ്ങൾ ആക്കാനുള്ള ആർജ്ജവത്വം വേണം. ഇല്ലെങ്കിൽ നമ്മൾ ഇനിയും ഫ്ളക്സുകളും റീത്തുകളും ബൊക്കെകളും വാങ്ങിക്കൊണ്ടേയിരിക്കും. എങ്കിൽ നിനക്ക് ആദരാഞ്ജലികൾ..

വചനം: തന്‍റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ് (സങ്കീര്‍ത്തനങ്ങള്‍ 116 :15).

✍ ഫാ. സിജോ കണ്ണമ്പുഴ OM

https://www.facebook.com/sijo.kannampuzha/posts/10217367993935682