മനുഷ്യവിധി

November 21, 2019

 

‘എനിക്കൊന്നു മരിച്ചാൽ മതി’- എല്ലാ പ്രതീക്ഷകളുടെ വാതിലുകളും കൊട്ടിയടക്കപ്പെട്ടു, ഇനി ആരെയും പ്രതീക്ഷകളുടെ പൂമുഖത്ത് കാത്തിരിക്കാനില്ലാതെ വരുമ്പോൾ, ഇനിയും ബാക്കിയുള്ളത് വേദനയും ഒറ്റപ്പെടലും മാത്രമാണെന്നറിയുമ്പോൾ മനുഷ്യൻ തുപ്പുന്ന വാക്കുകൾ. അതവന്‍റെ നിസ്സഹായതയുടെ ഏറ്റുപറച്ചിലാണ്. എന്നാൽ ചിലർ ഈ നിമിഷത്തിലും ജീവിതത്തെ നിശ്ശബ്ദമായി പുഞ്ചിരിച്ചുകൊണ്ട് നേരിടുന്നത് കണ്ടിട്ടുണ്ട്. ഭൂമിയിൽ എല്ലാം അവസാനിക്കുന്നില്ലെന്നും എല്ലാത്തിനും പ്രതിഫലമുണ്ടെന്നും വെളിപാട് കിട്ടിയതിന്‍റെ ഒരു മൗനസ്മിതം, അവന്‍റെ മുഖത്തു പ്രകടമായിരിക്കും. അവർക്ക് സഹനങ്ങൾ ദൈവം നൽകുന്ന കയ്യൊപ്പുകളാണ്, കർത്താവിന്‍റെ സഹനങ്ങളോട് ചേർന്ന് നില്കുന്നതിന്‍റെ.

ലിയോ ടോൾസ്റ്റോയുടെ വിശ്വപ്രസിദ്ധമായ കഥകളിൽ ഒന്നാണ് “ദൈവം സത്യം അറിയുന്നു, പക്ഷേ” (God knows the truth but waits). ഇവാൻ ആക്സിയോനോവ് എന്ന ബിസിനസ്സുകാരൻ കൊലപാതകം ആരോപിക്കപ്പെട്ട് ജയിലിലടക്കപ്പെടുന്നു. നിരപരാധിയെന്ന് തെളിയിക്കാനാവാതെ അദ്ദേഹം നീണ്ട 26 വർഷങ്ങൾ ജയിലിലടക്കപ്പെട്ടു. ജയിലിൽ എത്തിച്ചേരുന്ന സെമിയോനോവിച് ആണ് യഥാർത്ഥ കുറ്റവാളിയെന്നു അവസാന നാളുകളിൽ ആക്സിയോണോവ് മനസ്സിലാക്കുന്നു. അവൻ ജയിലിൽ നിന്ന് രക്ഷപ്പെടാനായി തുരങ്കമുണ്ടാക്കിയ കാര്യം ആക്സിയോണോവ് അറിഞ്ഞിട്ടും ആ സന്ദർഭം സെമിയോനോവിച്ചിനോട് പ്രതികാരം ചെയ്യാനായി ആക്സിയോണോവ് ഉപയോഗിക്കുന്നില്ല. സെമിയോനോവിച് തന്‍റെ തെറ്റുകൾ ഏറ്റുപറഞ്ഞത്തിന്‍റെ ഫലമായി ആക്സിയോനോവിനെ സ്വതന്ത്രനാക്കാൻ അധികാരികൾ എത്തുമ്പോഴേക്കും ആക്സിയോണോവ് ഈ ഭൂമിയിൽ നിന്ന് യാത്രപറഞ്ഞിരുന്നു.

മനുഷ്യനിർമ്മിത നിയമങ്ങളുടെ വികലതയും മനുഷ്യനീതിയുടെ പൊള്ളത്തരങ്ങളും അനുഭവിച്ച ആക്സിയോനോവിച് അതേ നിയമത്തിനു സെമിയോനോവിച്ചിനെ വിട്ടുകൊടുക്കുന്നില്ല എന്നത് ചില ഗൗരവമേറിയ ഉൾവെളിച്ചങ്ങളുടെയും ദീപ്തമായ ആത്മീയ ശക്തിയുടേയും ഫലമായിട്ടാണെന്നു കഥ വെളിപ്പെടുത്തുന്നുണ്ട്.

ജീവിതത്തിൽ ഒത്തിരി അനീതിയും വേദനയും അനുഭവിച്ചവരെല്ലാം പലപ്പോഴും ആത്മീയരാകുന്ന കാഴ്ച അന്യമല്ല. തങ്ങളുടെ ഗാഗുൽത്തായനുഭവങ്ങളിൽ അവർ കൂടുതൽ വിശുദ്ധീകരിക്കപ്പെടുന്നു. ജീവിതത്തിൽ ഒരിക്കലും സന്തോഷിക്കാൻ കാര്യാമായൊന്നും ലഭിക്കാത്ത എത്രയോ മനുഷ്യരെ കണ്ടിരിക്കുന്നു. മരണം ഒരു അനുഗ്രഹം മാത്രമാകാൻ വഴിയുള്ള അവർ ഒരിക്കലും അതിനായി കാത്തിരിക്കുന്നില്ല. വിധി വാചകങ്ങൾ സ്വയം ഉരുവിടേണ്ടത് ദൈവമാണെന്നും നാം നടത്തുന്ന വിധിവാചകങ്ങളെല്ലാം അപ്രസക്തമാണെന്നും സാരം. എല്ലാത്തിനും മുകളിൽ ദൈവനീതിയും അവന്റെ ഇടപെടലുകളും സാധ്യമാണ്.

കാത്തിരിക്കുന്നവർ പ്രതീക്ഷയുള്ളവനാണ്. പ്രതീക്ഷിക്കുന്നവൻ വിശ്വാസമുള്ളവനാണ്. വിശ്വാസമുള്ളവൻ ശരണപ്പെടുന്നവനാണ്. ശരണപ്പെടുന്നവന് പിന്നെയും സ്നേഹിക്കാതിരിക്കാൻ കഴിയില്ല.
അതെ, അവൻ കാത്തിരിക്കുന്നു ദൈവീക ഇടപെടലിനായി.

വചനം: ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.
(ഏശയ്യാ 40:31).

✍ ഫാ. സിജോ കണ്ണമ്പുഴ OM

https://www.facebook.com/sijo.kannampuzha/posts/10217418658002252