അക്കരെ…

November 21, 2019

 

“വീടില്ലാത്തവനോട് വീടിന് ഒരു പേരിടാനും മക്കളില്ലാത്തവരോട് കുട്ടിക്ക് ഒരു പേരിടാനും കൂട്ടുകാരാ നീ പറയവെ
രണ്ടുമില്ലാത്തൊരുവന്‍റെ നെഞ്ചിലെത്തീ
കണ്ടുവോ……………..”

ഈ വരികൾക്ക് അയ്യപ്പന്‍റേതാകാനേ കഴിയൂ എന്ന് നമുക്കറിയാം. അയ്യപ്പന്‍ സ്കൂള്‍ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ദിവസം. തോളിലേറ്റിയാണ് കൂട്ടുകാർ അത് ആഘോഷിച്ചത്. വൈകുന്നേരം വീടണഞ്ഞ അയ്യപ്പനെ കാത്തിരുന്നത് നിലവിളക്കിനു മുൻപിൽ കോടിപുതച്ചു കിടക്കുന്ന അച്ഛനാണ്. അന്നുമുതൽ ഒരു പരാജിതന്‍റെ ശബ്ദമാണ് അയ്യപ്പന്.

ചില മരണദൂതുകൾ തകർത്തെറിയുക ഒരുപിടി മനുഷ്യജീവിതങ്ങളെയാണ്. പൊരുന്നയിരിക്കുന്ന കോഴിയുടെ ജീവൻ നഷ്ടപ്പെട്ടാൽ കോഴിക്കുഞ്ഞുങ്ങൾ തീർത്തും അനാഥരും അരക്ഷിതരും ആകുന്നതുപോലെ ഹൃദയഭേദകമാണത്. ഇനിയവക്ക് എത്രനാൾ പിടിച്ചുനിൽക്കാൻ സാധിക്കുമെന്ന് മാത്രമേ അറിയാനുള്ളൂ. ഇതാണ് പച്ചയായ മനുഷ്യന്‍റെ  ചിന്ത.

എന്നാൽ മരണത്തെ ധീരമായി നേരിടുകയും നേരിടാൻ പഠിപ്പിക്കുകയും ചെയ്തത് ക്രിസ്തുമാത്രമാണ്. കാരണം മരണം അതിൽ തന്നെ അവസാനമല്ലെന്നും ഒരു കവാടം മാത്രമാണെന്നും അവൻ പഠിപ്പിക്കുന്നു. ഒരു നദിയുടെ ഇരുകരകളാണ് ജീവിതമെങ്കിൽ നദി കടക്കുന്നതിനെ മരണമെന്നുവിളിക്കാം. ക്ഷണികമായത്തിൽ നിന്ന് നിത്യമായത്തിലേക്കുള്ള രൂപാന്തരം. ബാലികയെ ഉറക്കത്തില്‍ നിന്നു ഉണർത്തിയതുപോലെ അവനു എല്ലാവരെയും ജീവന്‍റെ മറുകരയെത്തിക്കാനും സാധിക്കുമെന്ന് നാം വിശ്വസിക്കുന്നു.

‘Our mission is to help people live and die.’ മനുഷ്യർ ജീവിക്കാനും മരിക്കാനും അവരെ സഹായിക്കുക എന്നത് നമ്മുടെ ദൗത്യമാണ് (Paul Tournier). ക്രിസ്തുവല്ലാതെ അതിനൊരു ദൃഷ്ടാന്തമില്ല.  നാഴികകൾ മാത്രം നീളുന്ന ഈ ജീവിതം എത്രപേർക്ക് ജീവിക്കാനും മരിക്കാനും പ്രചോദനമേകി. ജീവിക്കാൻ മാത്രമല്ല, അങ്ങേകരയിലേക്ക് തണ്ടുവലിക്കാനും നീ മറ്റുള്ളവരെ പഠിപ്പിക്കണം. ജീവിക്കാനല്ല,  മരിക്കാനാണ് എനിക്ക് നിന്നെ കൂടുതൽ ആവശ്യം.

വചനം: അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു (യോഹന്നാന് 3 : 16).

✍ ഫാ. സിജോ കണ്ണമ്പുഴ OM

https://www.facebook.com/sijo.kannampuzha/posts/10217411126693974