ആരും വിരുന്നുവരാത്ത വീട്

February 15, 2020

 

കാളിങ് ബെൽ കേട്ട് വാതിൽ തുറക്കുമ്പോൾ മുൻപിൽ ഹന്നാൻ വെള്ളവുമായി മാർപാപ്പ നിന്നാലോ? അങ്ങനെ ഒരനുഭവം വത്തിക്കാനടുത്തുള്ള ഒരു ഇടവകയിലെ പന്ത്രണ്ടോളം കുടുംബങ്ങൾക്കുണ്ടായി. കരുണയുടെ ജൂബിലി വർഷത്തിലെ ‘കാരുണ്യ വെള്ളി’ (19/05/17) ദിനത്തിൽ വത്തിക്കാനില്‍ നിന്ന് 35 കിലോമീറ്ററോളം തെക്കു പടിഞ്ഞാറു മാറി സ്ഥിതിചെയ്യുന്ന സ്റ്റെല്ല മേരിസ് ഇടവകയിലെ പന്ത്രണ്ടോളം വീടുകളില്‍ അപ്രതീക്ഷിത സന്ദർശനം നടത്തി മാർപാപ്പ വീടുകള് വെഞ്ചിരിച്ചു. പതിവുപോലെ ഭവനാശീർവ്വാദത്തിന് ഒരു വൈദികന്‍ എത്തുമെന്ന മുന്നറിയിപ്പുണ്ടായിരുന്നതനുസരിച്ച് അതിനായി കാത്തുനിന്നിരുന്ന കുടുംബങ്ങള്‍ മാർപാപ്പയുടെ വരവില്‍ സ്തബ്ധരാകുകയായിരിന്നു.(21-05-2017, പ്രവാചകശബ്ദം). ആ ഭവനങ്ങളിലുള്ളവർക്ക് അതെത്രമാത്രം സന്തോഷം പകർന്നിട്ടുണ്ടാകും ?

ആരും വിരുന്നുവരാത്ത വീട്. അതിഥികൾക്കുള്ള പാത്രങ്ങൾ ഇപ്പോഴും അലമാരയിൽ തന്നെ ഇരുന്നിരുന്നു. ‘ഇവിടെ ആരും ഇല്ലേ’- എന്ന് ആരും ആ വീട്ടിൽ വന്ന് ചോദിക്കാറില്ല. കാരണം ആ വീട്ടിൽ വരാൻ ആരും ഇഷ്ടപ്പെട്ടിരുന്നില്ല. ആ വീടിന്‍റെ പൂമുഖവാതിലിൽ ആരും ആരെയും കാത്ത് നിൽക്കാറില്ല. ഉദ്യാനത്തിലെ പൂക്കൾ, വിരുന്നെത്തുന്നവരെ ഇതുവരെ കണ്ടിട്ടില്ല. ഇത് സക്കേവൂസിന്‍റെ ഭവനം! എല്ലാവരാലും അവഗണിക്കപ്പെട്ട, ആരും കടന്നു വരാത്ത ഭവനം. അവന്‍റെ കുഞ്ഞുങ്ങളും ഭാര്യയും മറ്റുള്ളവർക്ക് എന്നും പരിഹാസ കഥാപാത്രങ്ങളായിരുന്നു. ആ കുഞ്ഞുങ്ങളെ ആരും ലാളിക്കുകയോ കൊഞ്ചിക്കുകയോ ചെയ്തിരുന്നില്ല. കാരണം അവരെല്ലാം ചുങ്കക്കാരൻ സക്കായിയുടെ മക്കളായിരുന്നു.

ഇന്ന് ആദ്യമായി ആ ഭവനത്തിലേക്ക് ഒരു അതിഥി എത്തുന്നു- നസറായനായ യേശു. അവനെ സ്വീകരിക്കാനും അവന് വിരുന്നു നൽകാനും ഒത്തിരിപേർ ആഗ്രഹിച്ച് കാത്തിരിക്കുന്നുണ്ട്. പക്ഷേ ഇന്ന് ആ ഭാഗ്യം ആദ്യമായി സക്കേവൂസിന് ലഭിക്കുകയാണ്. യേശു തന്‍റെ വീട്ടിലേക്ക് കടന്നുവരുന്നു. യേശു പുഞ്ചിരിയോടെ ആ ഭവനത്തിലുള്ളവരുമായി സംസാരിക്കുന്നു. സക്കേവൂസിന്‍റെ കുഞ്ഞുങ്ങളെ മടിയിലിരുത്തി ലാളിക്കുന്നു. അവരോട് കിന്നാരം പറയുന്നു. സക്കേവൂസിന്‍റെ ഭാര്യയോട് വിശേഷങ്ങൾ ചോദിക്കുന്നു. അവർ നൽകിയ ചായയും പലഹാരങ്ങളും കഴിക്കുന്നു.

പെട്ടെന്ന് സക്കേവൂസ് ചാടിയെഴുന്നേറ്റുകൊണ്ട് പറയുകയാണ് -”കർത്താവേ എന്‍റെ സ്വത്തിന്‍റെ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ അവർക്ക് നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു”.

പണത്തിനുവേണ്ടി മാത്രം ഇന്നുവരെ ജീവിച്ച ആ മനുഷ്യന്‍റെ അഭിരുചികളിൽ തന്നെ ഒരു മാറ്റം ഉണ്ടാകുന്നു. മനസ്സിന് വലിയൊരു മാറ്റം സംഭവിക്കുന്നു. എന്തിനെയാണോ ഇന്നുവരെ ഏറ്റവും വിലയുള്ളതായി കണ്ടിരുന്നത്, ആ കാഴ്ചപ്പാട് തന്നെ സക്കേവൂസ് മാറ്റുകയാണ്.

യേശുവിന്‍റെ സാമീപ്യം അവനെ പുതിയൊരു മനുഷ്യനാക്കുന്നു. ഇന്നുവരെ ആരും ആ ഭവനത്തിൽ എത്തിയിട്ടില്ല. ആരും ഒരു നല്ല വാക്ക് അവനോട് പറഞ്ഞിട്ടില്ല. ഇന്നുവരെ അവൻ കേട്ടത് ശാപവും ആക്രോശവും മാത്രം. ഇന്നിതാ ഗുരു അവന്‍റെ ഭവനത്തിലേക്ക് എത്തുന്നു. ഒരു നോട്ടം കൊണ്ടുപോലും അവൻ സക്കേവൂസിനെ വിധിക്കുന്നില്ല. അപ്പോൾ അവൻ സ്വയം വിധിക്കുകയാണ്. തന്‍റെ ജീവിതം ഇനിയും മാറേണ്ടിയിരിക്കുന്നു എന്ന് അവൻ തിരിച്ചറിയുന്നു. ആ മാറ്റം അവൻ ഉൾകൊള്ളുന്നു. സക്കേവൂസിന് രക്ഷ അനുഭവമായി മാറുന്നു.

അഭിരുചികളിലെ മാറ്റം രക്ഷക്ക് അനിവാര്യമാണ്. ഇന്നുവരെ നിന്നെ നയിച്ചിരുന്ന ഇഷ്ടങ്ങളോ ആശയങ്ങളോ അല്ല ഇനി നിന്നെ നയിക്കേണ്ടത്. നിന്നെ നയിക്കേണ്ടത് ക്രിസ്തുവും, നീ പിന്തുടരേണ്ടത് അവന്‍റെ കാലടികളുമാണ്. അപ്പോൾ കർത്താവ് നമ്മോട് പറയും – “ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു”.

✍ ഫാ. സിജോ കണ്ണമ്പുഴ OM

https://www.facebook.com/sijo.kannampuzha/posts/10220622693341133