അദ്ഭുതകരമായ ദൈവപരിപാലനയുടെ അനുഭവം

February 16, 2020

കൊട്ടാരക്കര-ദിണ്ഡിഗല്‍ ദേശീയ പാതയില്‍ മരുതിമൂടിന് സമീപം കണ്ട തകര്‍ന്ന ടെമ്പോട്രാവലറിനെ നോക്കി വഴിയാത്രക്കാര്‍ പലരും ചോദിച്ചതാണിത്.

യാത്രക്കാരെല്ലാവരും മരണമടഞ്ഞുവെന്നാണ് അവരെല്ലാം കേട്ടത്. എന്നാല്‍ സത്യം അറിഞ്ഞ നിരീശ്വരവാദികള്‍ പോലും അറിയാതെ ദൈവത്തെ സ്തുതിച്ചുപോയി എന്നാണ് കേള്‍ക്കാന്‍ കഴിഞ്ഞത്.

സംഭവം ഇങ്ങനെ:
കോട്ടയം ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകരായ പറവൂര്‍ കല്ലറയക്കല്‍ സോജന്‍(51), തിരുവാലൂര്‍ പൊന്നോലിക്കുന്നേല്‍ സണ്ണി(60), കൊല്ലം മറീനാ മന്ദിരത്തിലെ സാങ്താ(18), നിലമ്പൂര്‍ ആര്യമണ്ണില്‍ ഷീന(25), കോട്ടയം തടത്തില്‍ കുഞ്ഞുമോന്‍(62), അടിമാലി ഷേര്‍ലി ഹോസിലെ സജി(50) സജിയുടെ ഭാര്യ ജോയിസി(45), ഏലിയാസ് (72), ഡ്രൈവര്‍ പരിയാപുരം കറുകമാക്കല്‍ ജോബി(28), കോട്ടയം തടത്തില്‍ തങ്കച്ചന്‍(62) എന്നിവര്‍ ഉപ്പുതറ പരപ്പ് ധ്യാനകേന്ദ്രത്തില്‍ പോയി മടങ്ങുകയായിരുന്നു.

പ്രാര്‍ഥനാപൂര്‍വ്വം മടങ്ങുന്നതിനിടയില്‍ ദൈവകൃപയുടെ പാട്ടുകള്‍ വാഹനത്തില്‍ നിന്നുയര്‍ന്നുകൊണ്ടിരുന്നു.

മരുതുംമൂട് ഭാഗത്ത് എത്തിയപ്പോള്‍ വാഹനത്തിന്‍റെ ബ്രേക്ക് പെട്ടെന്ന് നഷ്ടമായി. ഇടതുവശത്ത് വലിയൊരു കുഴി..

വാഹനമൊന്ന് വെട്ടിയാല്‍ എല്ലാ ജീവനും നഷ്ടപ്പെടും.

ദൈവമേ എന്ന കൂട്ട നിലവിളി വാഹനത്തില്‍ നിന്നുയരുമ്പോള്‍ വലതുവശത്തെ തിട്ടയിലേക്ക് വാഹനം ഇടിച്ചുകയറ്റാനായി ഡ്രൈവര്‍ ജോബിയുടെ ശ്രമം.

ദൈവം കാത്തു, വാഹനം തകര്‍ന്നുടഞ്ഞെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു.

കുട്ടിക്കാനം ചുരം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഷീനയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഛര്‍ദ്ദിക്കുവാനായി വണ്ടി നിര്‍ത്തി.

അതിനുശേഷം വീണ്ടും യാത്ര തുടര്‍ന്നപ്പോള്‍ ഇടയ്ക്ക് വെച്ച് വണ്ടിയുടെ ബ്രേക്ക് നഷ്ടപ്പെട്ട വിവരം വണ്ടി ഓടിച്ചിരുന്ന ജോബിക്ക് മനസ്സിലായി.

ഇറക്കത്തില്‍ ആയതിനാല്‍ സ്പീഡ് കൂടികൂടി വന്നു. ഹാന്‍ഡ്‌ബ്രേക്ക് കിട്ടുന്നുമില്ല. ഗിയര്‍ വീഴുന്നില്ല. ഗിയര്‍ മാറ്റുന്നതിന്‍റെ ശബ്ദം കേട്ടാണ് ഞാന്‍ ജോബിയോട് കാര്യം ചോദിക്കുന്നത്.’ യാത്രക്കാരനായ സണ്ണി പറഞ്ഞു.

“വലതുവശത്ത് വലിയ താഴ്ചയിലുള്ള കുഴി, മുന്‍പിലാണെങ്കില്‍ അയ്യപ്പന്മാരുടെ ബസ്. ഒരു വിധത്തില്‍ മുമ്പിലെ ബസിനെ ഓവര്‍ടേക്ക് ചെയ്തു; വലതുവശത്തെ മണ്‍തിട്ടയോടു ചേര്‍ത്തു ഇടിപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. അതിന്‍റെ ഭാഗമായി ഇടതുവശത്തെ ഇലക്ടിക് പോസ്റ്റില്‍ ഇടിച്ചു വണ്ടി മറിഞ്ഞു. മറിഞ്ഞ വണ്ടിയില്‍ കിടക്കുമ്പോള്‍ ഇലക്ടിക് ലൈനിലൂടെ തീ പടരുന്നത് കാണാന്‍ കഴിഞ്ഞു. ഇലക്ട്രിക് കമ്പികള്‍ പൊട്ടി വണ്ടിയുടെ മുകളില്‍ കിടക്കുന്നു.

എല്ലാവരും നിലവിളിച്ചു. പക്ഷെ ഒന്നും കേള്‍ക്കുന്നില്ല. ഷോക്കടിച്ചു എല്ലാവരും തന്നെ തീര്‍ന്നു എന്നു ഒരു നിമിഷം ചിന്തിച്ചു പോയി.

ധ്യാനം കൂടി ലഭിച്ച ആത്മധൈര്യവും ദൈവകൃപവഴി പൊട്ടിയ ചില്ലിലൂടെ പുറത്തുവന്നു. മൂന്നുപേരെ ചില്ലിനിടയിലൂടെ പുറത്തേക്കു കൊണ്ടുവന്നശേഷമാണ് മറ്റ് നാല് പേര്‍ വണ്ടിക്കടിയില്‍ ആണെന്ന് മനസ്സിലായത്.

പുറകേ വന്ന ബസ്സുകാരേയും കൂടി സഹകരിച്ചു മറിഞ്ഞ വണ്ടി നിവര്‍ത്തി; ഓരോരുത്തരെയും പുറത്തെടുത്തു. സാരമായ പരുക്കുള്ളവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഏലിയാസിന്‍റെ പരിക്കുകള്‍ ഗുരുതരമായിരുന്നു. കൈയ്ക്ക്. കൈയ്ക്ക് ഒടിവും പൊട്ടലും ഉണ്ടായിരുന്നു. തലയ്ക്കും പരുക്കുണ്ട്. സണ്ണിയുടെയും ഷീനയുടെയും കൈ ഒടിഞ്ഞു. ശസ്ത്രക്രിയ വേണ്ടി വന്നു.

സോജന്‍, കുഞ്ഞുമോന്‍ വലിയ മുറിവുകള്‍ ഉണ്ടായിരുന്നു. 18-24 കുത്തിക്കെട്ടുകള്‍ വേണ്ടിവന്നു. സജിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. ജോബി ചെറിയ മുറിവുകളോടെ രക്ഷപ്പെട്ടു. ജോയ്‌സിയും സാങ്ദ്രയും ദൈവാനുഗ്രഹത്താല്‍ ഒരു പരിക്കും കൂടാതെ രക്ഷപ്പെട്ടു.

എന്‍റെ കര്‍ത്താവിന്‍റെ വലിയ പ്രവര്‍ത്തി ഞങ്ങള്‍ക്ക് കാണുവാന്‍ സാധിച്ചു. വെളുപ്പിനെ ഒന്നാമത്, കൂരിരുട്ട്, വലതുവശത്തേക്ക് വണ്ടി പോയിരുന്നെങ്കില്‍ അഗാധമായ കുഴി,ഒന്നും മിച്ചം കിട്ടില്ലായിരുന്നു. മറിഞ്ഞു കിടക്കുന്ന വണ്ടിയുടെ മുകളില്‍ ഇലക്ട്രിക് ലൈന്‍ കമ്പി. ഇതില്‍ നിന്നെല്ലാം കര്‍ത്താവ് , കര്‍ത്താവ് മാത്രം ഞങ്ങളെ രക്ഷിച്ചു. യേശുവേ നന്ദി!”

സണ്ണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.

ധാരാളം വാഹനാപകടങ്ങള്‍ സംഭവിക്കാറുള്ള ഈ ഭാഗത്ത് ദൈവപരിപാലന മാത്രമാണ് ഈ വലിയ രക്ഷപെടലിന് പിന്നിലെന്ന് നാട്ടുകാര്‍ പോലും സമ്മതിക്കുന്നു.

കര്‍ത്താവ് നല്‍കിയ കരുണ മാത്രമാണ് ബോണസായി കിട്ടിയ ഈ ജീവന് പിന്നിലെന്ന് പറയുമ്പോള്‍ യാത്രക്കാരുടെ കണ്ണുകളും ഈറനാകുന്നു.

ദൈവകൃപയില്‍ ആശ്രയിക്കുന്നവന് ഒരുനാളും അനര്‍ത്ഥം സംഭവിക്കുകയില്ലെന്ന തിരുവചനം ഉച്ചരിച്ച് അവര്‍ നാടിന് സാക്ഷ്യമാവുകയാണ്..

✍ ജെയ്‌മോന്‍ കുമരകം

https://www.facebook.com/jaimonkk.news/posts/578418042982210