സ്നേഹസ്പർശനങ്ങൾ

February 16, 2020

ജീവിതത്തിൽ വളരെ വിരളമായി മാത്രം സ്വന്തം കുട്ടികളോട് പരസ്യമായി സ്നേഹം പ്രകടിപ്പിച്ചിട്ടുള്ള ഒരമ്മച്ചിയെ കണ്ടുമുട്ടി. ഇപ്പോൾ അവർക്ക് പ്രായമൊത്തിരി ആയി. ഇനി അധികനാളുകൾ ഈ ഭൂമിയിൽ അവശേഷിച്ചിട്ടില്ല എന്നാണ് അവർതന്നെ കരുതുന്നത്. സംസാരത്തിനിടയിൽ അവരെന്നോട് പറഞ്ഞു “അച്ചോ, എനിക്കൊരു സങ്കടം ബാക്കിയുണ്ട്”
“എനിക്കെന്‍റെ  മക്കളോട് വളരെ സ്നേഹമുണ്ടായിരുന്നു. പലപ്പോഴും ഞാനത് മറച്ചുപിടിച്ചു. അത് പ്രകടിപ്പിക്കുന്നത് ബാലിശമായി എനിക്ക് തോന്നി. ഇപ്പോൾ എന്‍റെ മക്കളെ ഒന്ന് കെട്ടിപ്പിടിച്ചതോ, ഉമ്മ കൊടുത്തോ, സ്നേഹത്തോടെ അവരെ തലോടിയതോ ആയ ഒരു ഓർമ്മ പോലും ബാക്കിയില്ല. അവർ ഇപ്പോൾ എന്‍റെ അടുത്ത് വരുമ്പോൾ എന്നെ തൊടാറില്ല. അവർ എന്നോട് ഒന്ന് തൊട്ട് സംസാരിച്ചെങ്കിൽ എന്ന് പലപ്പോഴും ഞാൻ ആഗ്രഹിക്കാറുണ്ട്. പക്ഷേ, കൊടുക്കാത്തത് കിട്ടാൻ സാധ്യതയില്ലല്ലോ

സ്പർശനം സ്നേഹപ്രകടനത്തിന്‍റെ അവിഭാജ്യമായ ഘടകമാണ്. സ്പർശനം സ്നേഹത്തിന്‍റെ ഏറ്റവും മൂർത്തമായ ഭാഷയാണ്. ചില സ്പർശനങ്ങൾക്ക് ആയിരം വാക്കുകളേക്കാൾ സംവദിക്കാൻ ശേഷിയുണ്ട്. ചില വേദനകൾ മറക്കാൻ ചില സ്പർശനങ്ങൾ മതി. ചില സ്പർശനങ്ങൾ നൽകുന്ന ഉത്തേജനം ഏത് പ്രതിസന്ധിയെയും ചാടിക്കടക്കാൻ പ്രാപ്തമാക്കുന്നതാണ്. ചില സ്പർശനങ്ങൾ ഏത് വേദനയെയും അപ്രത്യക്ഷമാകുന്നു.

സ്പർശനത്തിന്‍റെ ഈ ജാലവിദ്യ ഏറ്റവും അതികം അറിഞ്ഞവനും അതുപയോഗിച്ചവനുമാണ് ബൈബിളിലെ യേശു. അവന്‍റെ സ്പർശനം ഏറ്റവരെല്ലാം ആശ്വസിപ്പിക്കപ്പെട്ടു. അവനെ സ്പർശിച്ചവരെല്ലാം രക്ഷിക്കപ്പെട്ടു. തന്‍റെ അരികിലെത്തിയ ശിശുക്കളെ അവൻ മടിയിലിരുത്തി താലോലിച്ചു, കൈപിടിച്ചുയർത്തി അവൻ ഒരു ബാലികയെ ജീവനിലേക്കു തിരികെ കൊണ്ടുവന്നു, അവന്‍റെ മുന്‍പിലെത്തിയ അന്ധനെ അവൻ തൊട്ട് സൗഖ്യപ്പെടുത്തി. അവന്‍റെ കാലിൽ വീണു കരഞ്ഞ പാപിനിക്ക് രക്ഷ നൽകി, കുരിശിലേക്കുള്ള യാത്ര ആരംഭിക്കുന്നതിനു മുൻപ് അവൻ സ്പർശിച്ച മാൽക്കൂസിന്‍റെ ചെവികൾ പോലും സൗഖ്യപ്പെട്ടു. ഇങ്ങനെ സ്പർശനം കൊണ്ട് ഉത്സവം തീർത്തവനാണ് ക്രിസ്തു.

ഇന്ന് നാം മറ്റൊരുവളെ കണ്ടുമുട്ടുന്നു. അവൾ ആഗ്രഹിച്ചത് അവനെ സ്പർശിക്കണമെന്നല്ല, മറിച്ച് അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പിലെങ്കിലും സ്പർശിക്കണമെന്നാണ്. അശുദ്ധി കല്പിച്ച് മാറ്റി നിറുത്തുന്നവർ മനസ്സിന് അശുദ്ധി ബാധിച്ചവരാണെന്ന് കർത്താവ് പറയാതെ പറയുന്ന സുവിശേഷാനുഭവത്തിലെ നായിക കഴിഞ്ഞ 12 വർഷമായി രക്തസ്രാവം ബാധിച്ചവളാണ്. കഴിഞ്ഞ 12 വർഷമായി അവളുടെ ജീവനാണ് അവൾക്ക് നഷ്ടപ്പെടുന്നത്. പരാജയപ്പെട്ട നിരവധി ചികിത്സയുടെ കഥയുമായി അവൾ വരുന്നത് സൗഖ്യദായകനായ വലിയ ഭിഷഗ്വരന്‍റെ മുൻപിലേക്ക്. അവൾ അശുദ്ധിയുള്ളവളെന്ന് മുദ്രകുത്തപ്പെട്ടതുകൊണ്ട് ഒരുപക്ഷെ സ്വന്തം കുഞ്ഞുങ്ങളെപ്പോലും സ്പർശിക്കാൻ സാധിക്കാത്തവളായിരിക്കാം. സ്പർശനത്തിന്‍റെ പട്ടിണികിടന്ന മനസ്സുമായിട്ടാണ് അവളന്ന് ക്രിസ്തുവിനെ സമീപിക്കുക. ഇവിടെയും അവൾ ആഗ്രഹിക്കുന്നത് അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പിൽ തൊടണമെന്നാണ്. അവൾക്കറിയാം തന്‍റെ സ്പർശനം ആരും സഹിക്കില്ലെന്ന്.

പിന്നെയെല്ലാം നമുക്കറിയാവുന്ന തന്നെ. ഇന്നുവരെ സ്പർശനത്തിന്‍റെ മരുഭൂമിയിലെ വറുതിയിലായിരുന്നവൾ, കണ്ണുകൾ ഇറുക്കിയടച്ച്, പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ അവന്‍റെ അങ്കിയുടെ വിളുമ്പിൽ വിരലുകൊണ്ട് ഒരു വര വരയ്ക്കുന്നു. തത്ക്ഷണം മിന്നലേറ്റപോലെ അവൾക്ക് തോന്നുകയാണ്.

തന്നിൽ നിന്ന് ശക്തി പ്രവഹിച്ചു എന്ന് മനസ്സിലാക്കിയ യേശു അത് മറച്ചുവയ്ക്കാതെ അന്ന്വേഷിക്കുകയാണ്. ചോദ്യങ്ങൾകേട്ട് പേടിച്ചരണ്ട പാവം സ്ത്രീ തന്നിൽ വന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് അവന്‍റെ കാലുകളിലേക്ക് വീഴുന്നു. അവൾ അവനെ സ്പർശിക്കുകയാണ്. ഇതുവരെ സ്പർശനത്തിന് വിലക്കേർപ്പെടുത്തപ്പെട്ടവൾക്ക് ഇത് സ്പർശനത്തിന്‍റെ വേനൽ മഴയാകുന്നു. അവൾ ആ പാദങ്ങളിൽ കിടക്കുമ്പോൾ സന്തോഷിച്ചത് തന്‍റെ ശരീരം സുഖം പ്രാപിച്ചതിലല്ല, ഇനി തനിക്ക് തന്‍റെ പ്രിയപ്പെട്ടവരെയെല്ലാം മതിവരുവോളം പുണരാമല്ലോ എന്നതിലാണ്.

നീ സ്പർശനത്തിന്‍റെ, ചേർത്തുപിടിക്കലിന്‍റെ, ആലിംഗനത്തിന്‍റെ ഉത്സവങ്ങൾക്കായി കാത്തിരിക്കുക. നീയും അവന് പ്രിയപ്പെട്ടവനാണ്. ഈ വേളയില്‍ സ്നേഹസ്പർശനങ്ങൾ ഉണ്ടാകട്ടെ. നിന്‍റെ ഹൃദയത്തിലെ ഉണ്ണീശോ ചുറ്റുമുള്ളവരെ തൊടട്ടെ.

✍ ഫാ. സിജോ കണ്ണമ്പുഴ OM

https://www.facebook.com/sijo.kannampuzha/posts/10220640251460075