സഹനങ്ങളിലും സന്തോഷിക്കുന്നവര്‍

February 16, 2020

 

മുറിയിൽ നിന്ന് എല്ലാ ദിവസവും Radio oncology department ലേക്ക് മമ്മിയെ കൊണ്ടു പോകാൻ സഹായിച്ചിരുന്ന അറ്റൻഡർമാരിൽ മധു എന്നൊരു യുവതിയുണ്ടായിരുന്നു. പൂ പോലെ വിടർന്ന പുഞ്ചിരിയും, കരുണാമസൃണമായ പെരുമാറ്റവും . മധു വരുന്ന ദിവസങ്ങളിൽ, ഞങ്ങൾക്കും ഒരു പ്രത്യേക പ്രസരിപ്പും സന്തോഷവുമൊക്കെ തോന്നിയിരുന്നു. (അല്ലെങ്കിലും ഈ പുഞ്ചിരി, സന്തോഷങ്ങൾ, സങ്കടങ്ങൾ, ഇവയൊക്കെ മനസ്സുകളെ ബാധിക്കുന്ന പകർച്ചാവ്യാധികൾ ആണല്ലോ )
തിരികെ റൂമിലെത്തുന്നതു വരെ വാതോരാതെ സംസാരിച്ചിരുന്ന മധുവിനെ അറിയുന്തോറും ബഹുമാനം കൂടി വന്നു. വിദേശത്ത് അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് മധു. ഭർത്താവ് ഉയർന്ന മാനേജർ തസ്തികയിലും. പെട്ടെന്നുണ്ടായ ചില പ്രതിസന്ധികൾ. ഭർത്താവിന്റെ ജോലി അപ്രതീക്ഷിതമായി നഷ്ടപ്പെട്ടു. കുടുംബസമേതം നാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്നു. ജോലി ചെയ്ത് കഷ്ടപ്പെട്ടുണ്ടാക്കിയ വീട് സഹോദരങ്ങൾ കൈക്കലാക്കി. എല്ലാം കൈവിട്ടു പോയ നിമിഷങ്ങളിൽ, ഭർത്താവിന് താങ്ങാകാൻ, കുട്ടികളെ പഠിപ്പിക്കാൻ, കിട്ടിയ ജോലി സ്വീകരിച്ചു.

‘ഇത്രയും വർഷങ്ങൾ അദ്ധ്യാപികയായി ജോലി ചെയ്തിട്ട് പെട്ടെന്നൊരു ദിവസം അറ്റൻഡറുടെ റോൾ എടുത്തപ്പോൾ മധുവിന് വിഷമമൊന്നും തോന്നിയില്ലേ?’

“ഒട്ടുമില്ല”. തെളിഞ്ഞ ചിരിയോടെ മധു മറുപടി നല്കി. “ഇവിടം ഒരു പ്രത്യേക ലോകമാണല്ലോ. എല്ലാവരെയും ജാതി മത ഭേദമെന്യേ ഒരു കുടുംബമായി കാണാനേ നമുക്ക് പറ്റു. ജീവിതം ഒരു നീർക്കുമിള പോലെ നശ്വരമാണെന്ന് ഇവിടെ വരുന്ന രോഗികളുടെ ജീവിതം നമ്മെ പഠിപ്പിക്കും. അവരുടെ വേദനയും കണ്ണീരും കാണുമ്പോൾ നമ്മുടെ പ്രശ്നങ്ങളൊക്കെ നമ്മൾ മറന്നു പോകും. സ്നേഹത്തോടെ പരിചരിക്കുമ്പോൾ, അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും ആശ്വാസവും പോലെ, മറ്റെന്തിന് കഴിയും നമുക്കിത്ര സന്തോഷവും സംതൃപ്തിയും തരാൻ?
അതു കൊണ്ട് ഞാൻ ഏറെ സന്തോഷവതിയാണ്.” ആശുപത്രി വിടുമ്പോഴും, കവാടം വരെ കൊണ്ടുവിട്ടത് മധുവാണ്.
” നമുക്ക് മറ്റെവിടെയെങ്കിലും വച്ച് കാണാം. ഇങ്ങോട്ട് തിരിച്ച് വരാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു.”

തെളിഞ്ഞ ചിരിയോടെ മധു കൈ വീശിയകന്നു. അല്ലെങ്കിലും നമ്മൾ മനുഷ്യരങ്ങനെയല്ലേ? ചുറ്റുമുള്ളവരുടെ നൊമ്പരങ്ങളുടെ ചൂടിൽ, വറ്റിപ്പോകാനുള്ള ആഴം മാത്രമല്ലേ നമ്മുടെയൊക്കെ സങ്കടക്കടലുകൾക്കുള്ളു.

✍ നിഷ

https://www.facebook.com/nisha.jose.31/posts/2854722917920695