തോല്‍വികള്‍കൊണ്ടു മറ്റുള്ളവരെ ജയിപ്പിക്കുന്നവര്‍

February 16, 2020

 

തോൽവികൾ ആരെയെങ്കിലുമൊക്കെ രക്ഷകരാക്കുമോ? തോറ്റുകൊടുത്തും സഹിച്ചും വേദനിച്ചും നഷ്ടപ്പെടുത്തിയും ആരെയെങ്കിലും നേടിയെടുക്കാനാകുമോ?

രാവിലെ പള്ളിയിൽ നിന്ന് പോരുമ്പോൾ ചോറ്റുപാത്രവും എടുത്ത് കൊണ്ട് ബസ് സ്റ്റോപ്പിലേക്ക് ഓടുന്ന ഭവാനി ചേച്ചിയെ കാണാം.

‘‘മേരിമാത’ പോയോ മോനേ?”

“ഇപ്പോൾ 7.15 ആയില്ലേ? ഇപ്പോൾ പോയിക്കാണും. ഇനി ഗുരുവായൂരപ്പൻ കിട്ടുള്ളൂ”

“അയ്യോ. ഇന്നും വൈകിപ്പോയല്ലോ”

രാവിലെ ജോലിസ്ഥലത്ത് സമയത്തിനെത്താനായി ബസ് സ്റ്റോപ്പിലേക്ക് ഓടിപ്പോകുന്നത് അഞ്ച് മക്കളുടെ അമ്മയാണ്. ആ അഞ്ചുമക്കളെയും വെള്ളം തോർത്തിയെടുക്കാൻ പെടാപാട് പെടുന്ന ഒരു പാവം സ്ത്രീ. ഭർത്താവെന്നൊരാൾ വീട്ടിലുണ്ട് എന്നല്ലാതെ വലിയ ഉപകാരമൊന്നും ഉണ്ടാകാറില്ല. ഇത് 25 വർഷം മുൻപുള്ള കാര്യമാണ്. കഴിഞ്ഞ മാസം വൈകീട്ട് ചാലക്കുടിയിൽ നിന്നുള്ള ബസിൽ പിന്നെയും കണ്ടു. പ്രായം നൽകിയ അവശതകളുണ്ട്. ഒത്തിരി ക്ഷീണിച്ചു. എന്നെ കണ്ടപ്പോൾ അടുത്തുവന്നു. വിശേഷങ്ങൾ തിരക്കി. ഞാൻ ചോദിച്ചു

“ഈ അലച്ചിലൊക്കെ നിർത്തി, ഇനിയെങ്കിലും ഒരിടത്ത് ഇരുന്നുകൂടെ?”

“ആഗ്രഹമുണ്ട് മോനേ, പക്ഷേ വിധി ഇനിയും അതൊന്നും സമ്മതിക്കുന്നില്ല. വീട്ടിൽ രണ്ടു കുഞ്ഞുങ്ങളില്ലേ? അവരെ നോക്കണ്ടേ?”

ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല. മകൻ്റെ കുഞ്ഞുങ്ങളുടെ കാര്യമാണ് പറഞ്ഞത്. മകൻ മദ്യപാനിയാണ്. അവനിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട. കുഞ്ഞുങ്ങളുടെ അമ്മയാണെങ്കിൽ നിറം കെട്ടുപോയ ഈ ജീവിതത്തിൽ നിന്ന് നേരത്തെ ഓടി രക്ഷപ്പെട്ടു. സ്വന്തം പെണ്മക്കളാണെങ്കിൽ വിവാഹം കഴിഞ്ഞു അവരുടെ പ്രാരാബ്ധങ്ങളുമായി ജീവിക്കുന്നു. പ്രതീക്ഷ നൽകുന്ന വിളക്കുകൾ ഒന്നുമില്ല.

ബസിൻ്റെ സീറ്റിലേക്ക് ചാരിയിരുന്ന് ഞാൻ ഭവാനി ചേച്ചിയെക്കുറിച്ച് ചിന്തിച്ചു. ജീവിതത്തിൽ അവർ എന്നെങ്കിലും സന്തോഷം അനുഭവിച്ചിട്ടുണ്ടാകുമോ ? മനസ്സ് തുറന്ന് ചിരിച്ചിട്ടുണ്ടാകുമോ? വയറു നിറയെ ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ? എന്നെങ്കിലും ഒരു സിനിമക്ക് പോയിട്ടുണ്ടാകുമോ? ഏതെങ്കിലും ഉത്സവത്തിനോ, തിരുന്നാളിനോ മനസമാധാനത്തോടെ പങ്കെടുത്തിട്ടുണ്ടാകുമോ? ഒന്നും വേണ്ട, എന്നെങ്കിലും മതിയാകുവോളം ഉറങ്ങിയിട്ടുണ്ടാകുമോ? പോസിറ്റീവ് ആയ ഉത്തരങ്ങൾ കിട്ടാൻ സാധ്യതയില്ല.

ബസ് ഇറങ്ങി നടക്കുമ്പോൾ ഞാൻ ചോദിച്ചു “ഇപ്പോൾ കാര്യങ്ങൾ ഒക്കെ എങ്ങനെ? വീട്ടിൽ കുഴപ്പങ്ങളൊന്നുമില്ലല്ലോ അല്ലേ?”

“കുഴപ്പങ്ങൾ ഉണ്ടായില്ലെങ്കിൽ എന്ത് രസം? എനിക്ക് ഈശ്വരൻ കുറച്ചുനാൾകൂടി ആരോഗ്യം തന്നാൽ മതി. ജോലി ചെയ്ത് ഞാൻ എങ്ങനെയെങ്കിലും മക്കളെ നോക്കിക്കോളാം. ഒന്ന് ചീഞ്ഞാലല്ലേ മറ്റൊന്നിനു വളമാകൂ”

തോറ്റുകൊടുത്തും കഷ്ടപ്പെട്ടും രണ്ടു കുഞ്ഞുങ്ങളെ പറക്കാൻ പഠിപ്പിക്കുന്ന ഒരമ്മ. ജീവിതത്തിൽ അവർ വിജയിക്കുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഒന്നെനിക്കറിയാം, സ്വർഗ്ഗം ഭവാനി ചേച്ചിയെ ഇപ്പോഴേ സ്വീകരിച്ചു കഴിഞ്ഞു. കാല് ഭൂമിയിലും ഉടൽ സ്വർഗ്ഗത്തിലുമായി ജീവിക്കുന്ന രക്തസാക്ഷി.

കുരിശിലെ ക്രിസ്തു പരാജിതനാണ്. പക്ഷെ അവൻ്റെ പരാജയത്തിന് ഒരു പ്രത്യേകതയുണ്ട്. അവൻ പരാജയപ്പെട്ടത് നാമെല്ലാവരും വിജയിക്കുവാനാണ്. അവനും ജയിക്കാമായിരുന്നു. അവനും ദൈവമായിതന്നെ നിലകൊള്ളാമായിരുന്നു. അവന് ഭൂമിയിലിറങ്ങാതെ രക്ഷ നൽകാമായിരുന്നു. പക്ഷേ അവൻ തീരുമാനിച്ചത്, സ്വയം മുറിവേറ്റ്, ചോര നൽകി മനുഷ്യനെ വീണ്ടെടുക്കാനായിരുന്നു. അവനത് ചെയ്തു. അതുകൊണ്ടാണല്ലോ ഈ വിധം മുറിവേറ്റും, തോറ്റും, രക്തവും ജീവനും നൽകിയും നമുക്ക് അവനെ പിൻചെല്ലാനാകുന്നത്, ചുറ്റുമുള്ളവർക്ക് വിജയം നല്കാനാകുന്നത്.

ക്രിസ്തുമസ് സന്തോഷത്തിൻ്റെ, ശാന്തിയുടെ സന്ദേശം നൽകുന്നതും അതുകൊണ്ടാണ്. സ്വയം മുറിച്ചു നൽകാനും പങ്കുവയ്ക്കാനും, ഭക്ഷണമാക്കാനും നമ്മെ ദൈവം പഠിപ്പിച്ചു തുടങ്ങിയത് ആ ദിവസമാണ്. ക്രിസ്തുമസ് വിജയികൾക്കുള്ളതല്ല, ക്രിസ്തുമസ് തോറ്റവർക്കുള്ളതാണ്. തോറ്റുകൊണ്ടും മറ്റുള്ളവരെ ജയിപ്പിച്ചവർക്കുവേണ്ടിയുള്ളത്.

✍ ഫാ. സിജോ കണ്ണമ്പുഴ OM

https://www.facebook.com/sijo.kannampuzha/posts/10220659281015802