ഗുരു ഇവിടെയുണ്ട്.

February 16, 2020

 

പുതു വർഷമൊക്കെ എങ്ങനെയുണ്ട്? എല്ലാം പഴയത് പോലെയാണോ?                                                                                       ചില തീരുമാനങ്ങളൊക്കെ അത്ര കണ്ട് പാലിക്കാൻ പറ്റിയില്ല.എന്നാണോ. വീണ്ടും തിരക്കുകളിൽപെട്ടിരിക്കുകയാണോ? “ഒന്ന് ശാന്തമായിരുന്ന് അൽപനേരം നിശബ്ദമായാൽ ഇങ്ങനെയൊരു മൃദുസ്വരവും സ്നേഹാന്വേഷണവും നിങ്ങൾക്ക് കേൾക്കാൻ പറ്റും
കേട്ടോ..

ശാന്തമാവുക. നിന്‍റെ വേദനകൾക്കിടയിൽ, ഒറ്റപ്പെടലിനിടയിൽ ആരോ ചെവിയിൽ വന്ന് സ്വകാര്യമായി പറയുന്നത് കേൾക്കുക: “ഗുരു ഇവിടെയുണ്ട്… നിന്നെ വിളിക്കുന്നു.” തന്‍റെ സഹോദരന്‍റെ വേർപാടിൽ മനംനൊന്ത് കരയുന്ന പെങ്ങളുടെ അടുത്ത്, ആശ്വസിപ്പിക്കാൻ വന്ന യഹൂദരെക്കാളധികം അവൾ ആഗ്രഹിക്കുന്നത് യേശുവിന്‍റെ സാന്നിധ്യമാണ് എന്ന് മർത്തായ്ക്കറിയാം. അത് കേട്ടയുടനെ മറിയം എഴുന്നേറ്റ് അവന്‍റെ അടുത്തേക്ക് ചെന്നു (യോഹ. 1:28-29).

ഒരു തിരിച്ചറിവ് നിനക്ക് നല്ലതാണ്. ജീവിതം നിന്നെ ഏൽപ്പിച്ച മുറിവുകളിൽ, കഷ്ടപ്പാടുകളിൽ, തോൽവികളിൽ നിനക്കുള്ള ഏറ്റം വലിയ ആശ്വാസം ഇതാണ്: “ഗുരു ഇവിടെയുണ്ട്’ എഴുന്നേറ്റ് അവന്‍റെ അടുത്തേക്ക് ചെല്ലുക. മറിയം എഴുന്നേറ്റു. യേശുവിനെപോയി കണ്ടു. അവൾ കരഞ്ഞു. ഉവ്വ്..നീ ഇവിടെ ഉണ്ട്. പക്ഷേ ശരിക്കും നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ…അതേ കർത്താവേ… എവിടെയായിരുന്നു നീ, ഞാനൊറ്റയ്ക്ക് കരഞ്ഞപ്പോൾ, ഞാൻ തോറ്റുപോയപ്പോൾ ..നീ ഉണ്ടായിരുന്നെങ്കിൽ… ഇതൊന്നും സംഭവിക്കില്ലായിരുന്നു (യോഹ 11:32).

നീ കരഞ്ഞുകൊള്ളൂ. സാരമില്ല.
നിന്‍റെ ഗുരുവിന്‍റെ മുമ്പിലല്ലേ. നീ അടക്കിപ്പിടിച്ചതിലേക്ക്, നിന്‍റെ ഹൃദയത്തിലേക്ക് അവനെ നീ ക്ഷണിക്കണം… “കർത്താവേ.. വന്ന് കാണുക.” (യോഹ, 11:34).
ഈശോ അങ്ങനെയാണ്. നീ കരഞ്ഞാൽ കണ്ണീർ തുടയ്ക്കുക മാത്രമല്ല. നിന്റെ അടുത്ത് നിന്ന് നിന്‍റെ കൂടെ കരയുന്ന, നിന്‍റെ വേദന അസ്വസ്ഥനാക്കുന്ന ഒരു ദൈവമാണ് അവൻ (യോഹ 11:33-35). കാരണം. അവൻ നിന്നെ ഒത്തിരിയധികം സ്നേഹിക്കുന്നു. അത് നീ തിരിച്ചറിയണം (യോഹ 11:36).

ഇനി ചെയ്യേണ്ടത് നീയാണ്. ഉവ്വ്, നിന്‍റെ കണ്ണീർ അവൻ കാണുന്നു. നീ കരയാതിരിക്കാൻ അവൻ കരയുന്നു. നീ വേദനിക്കാതിരിക്കാൻ അവന്‍ മുറിയുന്നു. ഇനി നീ ചെയ്യേണ്ടത് ഇത്രയാണ്: വിശ്വസിക്കുക. എന്‍റെ വിഷമങ്ങൾക്ക്, വെല്ലുവിളികൾക്ക്, നിരാശയ്ക്ക്, എന്റെ ദൈവത്തിന്‍റെ മുമ്പിൽ ഉത്തരമുണ്ട്. വിശ്വസിച്ചാൽ,കണ്ണുനീർ വറ്റാത്ത, എന്‍റെ ജീവിതത്തിൽ ഞാൻ എന്‍റെ ദൈവത്തിന്‍റെ
മഹത്വം കാണും (യോഹ. 11:40). – നീ വിശ്വസിക്കുക. ഇനിയുള്ളത് നിന്‍റെ ഗുരുവിനറിയാം. നിന്‍റെ ഉള്ളിന്‍റെയുള്ളിലെ ഇരുളിലും, ഗുഹകളിലും
നീ അടക്കി വച്ചിരിക്കുന്നതിനോട് പുറത്ത് വരാൻ, ആ ഗുരു കല്പിക്കും (യോഹ, 11:43).

നീ വീണ്ടും ശിരസ്സുയർത്തും.സമാധാനം നീ വീണ്ടും ശ്വസിക്കും,കാരണം ആശ്വസിപ്പിക്കുന്നവനായ നിന്നെ ബന്ധിച്ചവ പൊട്ടിച്ചെറിയുകയും മൂടിയത് അനാവരണം ചെയ്യുകയും ചെയ്യും (യോഹ 11:44).
ഇനി ഒരു പേപ്പറും പേനയും എടുക്കാമോ… എന്നിട്ട് എഴുതണം.കൂട്ടുകാരനായ ഏലിഫാസ് ജോബിനോട് പറഞ്ഞു കൊടുത്തതാണ്…

“നീ സർവശക്തനിൽ ആനന്ദിക്കുകയും ദൈവത്തിന്റെ നേരെ മുഖമുയർത്തുകയും ചെയ്യും. നീ അവിടുത്തോട് പ്രാർത്ഥിക്കുകയും അവിടുന്ന് ശ്രവിക്കുകയും ചെയ്യും. നിന്‍റെ നേർച്ചകൾ നീ നിറവേറ്റും. നീ തീരുമാനിക്കുന്ന കാര്യം നിനക്ക് സാധിച്ചു കിട്ടും. നിന്‍റെ പാതകള്‍ പ്രകാശിതമാകും”
(ജോബ് 22:26-28).

കേട്ടോ …ഗുരു ഇവിടെയുണ്ട്.അവൻ നിന്നെ വിളിക്കുന്നു…

✍  Fr. Jince Cheenkallel

https://www.facebook.com/mcjince/posts/2973517412682888