പ്രേം ഭായി, അരുണാചല്‍ പ്രദേശിന്‍റെ അപ്പസ്‌തോലന്‍.

February 16, 2020

 

അരുണാചല്‍പ്രദേശിലെ ഒരോ ഭവനത്തിനും സുപരിചിതമായ പേരാണ്  പ്രേം ഭായിയുടേത്. ആദിമസഭയ്ക്ക് സ്വന്തം രക്തവും വിയര്‍പ്പും അധ്വാനവും കൊണ്ട് അടിത്തറപാകിയ വിശുദ്ധ പൗലോസിനെപ്പോലെ അരുണാചല്‍ പ്രദേശിലെ സഭയെ ഉള്ളം കയ്യില്‍ പരിപാലിച്ച് നെഞ്ചിലെ ചൂരും വിയര്‍പ്പും നല്‍കി പറക്കമുറ്റാറാക്കിയ മിഷനറിയാണ് അദ്ദേഹം. വിശുദ്ധ പൗലോസിനെപ്പോലെ തീക്ഷണമതിയായ മിഷനറിയായിരുന്നു പ്രേം ഭായി. അദ്ദേഹത്തിന്‍റെ തന്നെ ഒരു എഴുത്തില്‍നിന്ന് വ്യക്തമാകുന്നതുപോലെ സുവിശേഷം പ്രസംഗിച്ചതിന്‍റെ പേരില്‍ അഞ്ച് തവണ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്ന് തവണ ജയില്‍ശിക്ഷയും അനുഭവിച്ചു. ഒരിക്കല്‍ നാഹാള്‍ഗണ്ണിലും മറ്റൊരിക്കല്‍ അലോംഗിലും മൂന്നാമത് സേപ്പായിലും. ജയിലില്‍ വച്ച് സുവിശേഷം പ്രസംഗിച്ചിരുന്ന അദ്ദേഹത്തിന്‍റെ പ്രസംഗം കേട്ട് ജയിലര്‍മാര്‍ രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ മാമ്മോദീസ സ്വീകരിച്ചു. കാല്‍നടയായി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച അദ്ദേഹം ആയിരങ്ങള്‍ക്ക് മാമ്മോദീസ നല്‍കി. വിദൂരമായ ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചിരുന്ന അദ്ദേഹത്തിനുവേണ്ടി ഒരിക്കല്‍ നദി ഇരുവശത്തേക്കും മാറി പാതയൊരുക്കിയതായും പറയപ്പെടുന്നു.

വിശുദ്ധിയുടെ വേരുകള്‍
1953 ഫെബ്രുവരി 15-ന് പൂനെയിലാണ് പ്രേം ഭായി എന്ന് ജനങ്ങള്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന ഹെന്‍റി ഗെയ്ക്ക്വാര്‍ഡിന്‍റെ ജനനം. ഒന്‍പത് മക്കളുള്ള ഒരു വലിയ കുടുംബത്തിലെ അഞ്ചാമത്തെ അംഗം. ദൈവഭക്തിയില്‍ മാതൃകയായിരുന്ന കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന അദ്ദേഹത്തിന്‍റെ മൂന്ന് സഹോദരിമാര്‍ സന്യാസിനികളായി.
പൂനെ സര്‍വകലാശാലയില്‍നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടിയ ശേഷം അല്മായ സഹോദരനാവുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം പ്രകാശ് ഭവനില്‍ ചേര്‍ന്നു. എന്നാല്‍ അവിടെ സന്തോഷം കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് മദര്‍ തെരേസ സ്ഥാപിച്ച ‘മിഷനറീസ് ഓഫ് ചാരിറ്റി’യില്‍ ചേരുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം കൊല്‍ക്കത്തയിലെത്തി. രണ്ട് വര്‍ഷക്കാലം മിഷനറീസ് ഓഫ് ചാരിറ്റിയിലെ ബ്രദര്‍മാരുടെ കൂട്ടായ്മയില്‍ വോളണ്ടീയര്‍ ആയി സേവനം ചെയ്‌തെങ്കിലും അദ്ദേഹം ആ സന്യാസ സഭയില്‍ ചേര്‍ന്നില്ല. ഈ കാലഘട്ടത്തിലാണ് തേസ്പൂര്‍ രൂപതയില്‍ ഇടവക വൈദികനായിരുന്ന ഫാ. കുളന്തൈസാമിയുമായി പരിചയപ്പെട്ടത്. ആ കണ്ടുമുട്ടല്‍ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായി. മിഷന്‍ തീക്ഷ്ണത നിറഞ്ഞുനിന്ന ആ യുവാവിന് മുമ്പോട്ടുള്ള പാത കാണിച്ചുകൊടുക്കാന്‍ ഫാ. കുളന്തൈസാമിക്ക് സാധിച്ചു എന്നുള്ളത് അരുണാചല്‍ പ്രദേശിലെ സഭയ്ക്ക് മാത്രമല്ല, ഭാരതസഭയ്ക്കും ആഗോളസഭയ്ക്കും വലിയ അനുഗ്രഹമായി മാറി.

അരുണാചലിന്‍റെ കഥ
പതിനാറാം നൂറ്റാണ്ടില്‍ അഹോം രാജാക്കന്‍മാര്‍ ആസാം ഭരിച്ചുകൊണ്ടിരുന്ന കാലം മുതലാണ് അരുണാചല്‍ പ്രദേശിനെക്കുറിച്ചുള്ള ചരിത്രം ലഭ്യമായിട്ടുള്ളത്. 1826-ല്‍ ‘യാണ്ടാബു’ എന്ന പ്രസിദ്ധമായ ഉടമ്പടിയില്‍ ഒപ്പുവച്ചുകൊണ്ട് ബ്രിട്ടീഷ് ഗവണ്‍മെന്‍റ്  അരുണാചല്‍ പ്രദേശിനെയും അവരുടെ അധികാരപരിധിക്ക് കീഴില്‍ കൊണ്ടുവന്നു. സ്വാതന്ത്ര്യത്തിന് ശേഷം കേന്ദ്രഭരണപ്രദേശമായി നിലനിന്ന അരുണാചല്‍ 1987 ഫെബ്രുവരി 20-ന് സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു.

ആദ്യ കത്തോലിക്ക മിഷനറിമാര്‍
പതിനേഴാം നൂറ്റാണ്ടിന്‍റെ രണ്ടാം പാദത്തില്‍ ടിബറ്റിലെ, ലാസയിലേക്കുള്ള യാത്രാമധ്യേ അരുണാചലിലെത്തിയ ഇറ്റാലിയന്‍ കപ്പൂച്ചിന്‍ വൈദികരില്‍ നിന്നാണ് ആദ്യമായി അരുണാചല്‍പ്രദേശ് ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് കേള്‍ക്കുന്നത്. 1853-ല്‍ ഫോറിന്‍ മിഷന്‍സ് ഓഫ് പാരീസ് അംഗങ്ങളായ ഫാ. നിക്കോള്‍സ് മിക്കല്‍ ക്രിക്കും ഫാ. അഗസ്റ്റിന്‍ ബറിയും അരുണാചലിലെ സാദിയയിലെത്തി അവിടെ ഒരു മാസം താമസിച്ചു. ഇറ്റാലിയന്‍ കപ്പൂച്ചിന്‍ വൈദികരുടെ പാത പിന്തുടര്‍ന്നുകൊണ്ട് ‘വിലക്കപ്പെട്ട നാടായ’ ടിബറ്റില്‍ സുവിശേഷം പ്രസംഗിക്കുക എന്ന ലക്ഷ്യമായിരുന്നു ഫാ. ക്രിക്കിനും ഫാ. ബറിക്കുമുണ്ടായിരുന്നത്. എന്നാല്‍ ടിബറ്റിലേക്ക് യാത്രയായ ഫാ. ക്രിക്കിനെ ടിബറ്റിലെത്തുന്നതിന് മുമ്പ് തന്നെ ഒരു ഗ്രാമത്തലവന്‍ കൊലപ്പെടുത്തി. ക്രിസ്തുവിന് വേണ്ടി ചിന്തിയ ആ രക്തം അരുണാചലിന്‍റെ മാനസാന്തരത്തിനും വിശ്വാസവളര്‍ച്ചയ്ക്കുമുള്ള ആദ്യ വിത്തായി മാറി.

1922-ല്‍ ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ മുഴുവന്‍ ഉള്‍പ്പെടുന്ന ആസാം മിഷന്‍ സലേഷ്യന്‍സ് ഓഫ് ഡോണ്‍ ബോസ്‌കോ(SDB) സഭയെ ഏല്‍പ്പിച്ചു. എഴുപത് ലക്ഷം ജനങ്ങളുണ്ടായിരുന്ന ഈ പ്രദേശത്ത് അയ്യായിരം കത്തോലിക്കരുമായി അവര്‍ ഷില്ലോംഗ് ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ആറ് വൈദികരും അഞ്ച് ബ്രദര്‍മാരും അടങ്ങുന്ന 11 അംഗ സലേഷ്യന്‍ സംഘത്തെ നയിച്ചിരുന്നത് മോണ്‍. ലൂയിസ് മത്തിയാസായിരുന്നു. 1930-കളിലെയും 40-കളിലെയും ഹീറോമാരായി ഇവരെ വിശേഷിപ്പിക്കാമെങ്കില്‍ സലേഷ്യന്‍ സന്യാസിനിമാരായിരുന്നു ഹീറോയിന്‍സ്. കാടും മേടും മലയും മഞ്ഞും ക്രിസ്തുവിന്‍റെ സുവിശേഷം പങ്കുവയ്ക്കുന്നതില്‍ നിന്ന് ഇവരെ പിന്തിരിപ്പിച്ചില്ല.
1944-ല്‍, സലേഷ്യന്‍ വൈദികനായ ഫാ. അലോഷ്യസ് സിറേറ്റോയാണ് ആദ്യമായി അരുണാചല്‍പ്രദേശിലെ ജനങ്ങളോട് സുവിശേഷം പ്രസംഗിച്ചത്. ഇറ്റാലിയന്‍ വൈദികനായിരുന്ന സിറേറ്റോ, നോര്‍ത്ത് ലകിന്‍പൂറില്‍ ഒരു മിഷന്‍ കേന്ദ്രം ആരംഭിച്ചെങ്കിലും ഭാഷ കുടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി. എങ്കിലും അപറ്റാനി വംശത്തില്‍ പെട്ട നിരവധി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനും ക്രൈസ്തവസ്‌നേഹം പകര്‍ന്നു നല്‍കുന്നതിനും അദ്ദേഹത്തിന് സാധിച്ചു. ഹാര്‍മുട്ടി കേന്ദ്രമാക്കി മിഷന്‍ കേന്ദ്രം ആരംഭിച്ചുകൊണ്ട് തേസ്പൂര്‍ രൂപതാ വൈദികനായ ഫാ. കുളന്തൈസാമിയാണ് നിഷി സമൂഹത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. അരുണാചലില്‍ നിന്നുള്ള നിരവധി ആളുകള്‍ ആഴ്ച തോറുമുള്ള ചന്തയില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ഹാര്‍മുട്ടിയിലെത്തിയിരുന്നു. ഹാര്‍മുട്ടിയിലെത്തിയ ജനങ്ങളോട് സുവിശേഷം പ്രസംഗിച്ചുകൊണ്ട്, അരുണാചലില്‍ കടക്കുവാന്‍ മിഷനറിമാര്‍ക്കുണ്ടായിരുന്ന വിലക്കിനെ അദ്ദേഹം അതിജീവിച്ചു.

പ്രേം ഭായി എന്ന പ്രവാചകന്‍
1978-ല്‍ അരുണാചല്‍ അസംബ്ലി, ഒ പി ത്യാഗി ബില്‍ എന്ന പേരില്‍ മതസ്വാതന്ത്ര്യ നിയമം പാസാക്കി. ശൈശവദശയിലായിരുന്ന കത്തോലിക്ക സഭയുടെ വളര്‍ച്ചയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയ നിയമമായിരുന്നു അത്. തദ്ദേശിയ സംസ്‌കാരത്തെ നശിപ്പിക്കുന്നവരും സമൂഹത്തില്‍ വിഭാഗീയത വിതയ്ക്കുന്നവരുമായി ക്രൈസ്തവര്‍ ചിത്രീകരിക്കപ്പെട്ടു. ഹൈന്ദവ മതത്തോളം തന്നെ പഴക്കമുള്ള ക്രൈസ്തവ മതം വിദേശീയ മതമായി മുദ്രകുത്തപ്പെട്ടു. പിശാചിന്‍റെ ആക്രമണങ്ങള്‍ ശക്തി പ്രാപിച്ച ആ കാലഘട്ടത്തിലാണ്(1980) സ്വര്‍ഗീയ പദ്ധതിപ്രകാരം പ്രേം ഭായി എന്ന ധീരനായ മിഷനറി ഹാര്‍മുട്ടിയിലെത്തി ഫാ. കുളന്തൈസാമിയെ സഹായിക്കാന്‍ ആരംഭിച്ചത്.

ആദ്യകാലങ്ങളില്‍ സ്‌കൂളിലും ബോര്‍ഡിംഗിലുമാണ് അദ്ദേഹം സഹായിച്ചത്. ക്രമേണ അരുണാചലില്‍ നിന്ന് ആഴ്ചയിലൊരിക്കലുള്ള ചന്തയ്ക്കായി ഹാര്‍മുട്ടിയിലെത്തിയിരുന്നവര്‍ക്ക് ബൈബിള്‍ ക്ലാസുകളെടുക്കാനും മാമ്മോദീസാ നല്‍കാനും അവരോടൊപ്പം ഹിന്ദിയില്‍ ഗാനങ്ങളാലപിച്ച് ദൈവത്തെ മഹത്വപ്പെടുത്താനും അദ്ദേഹം ആരംഭിച്ചു. പിന്നീട് കാവി വസ്ത്രം ധരിച്ചുകൊണ്ട് അദ്ദേഹം അരുണാചലിലെങ്ങും ചുറ്റിസന്ദര്‍ശിച്ചു. വലിയ കുരിശുള്ള ജപമാലയും ധരിച്ച് സന്യാസിയുടെ വേഷത്തിലായിരുന്നു ആ യാത്രകള്‍. ആദ്യകാലങ്ങളില്‍ നിഷ്പാദുകനായി സഞ്ചരിച്ച അദ്ദേഹം പിന്നീട് മഞ്ഞില്‍നിന്നും കല്ലില്‍നിന്നും രക്ഷനേടാന്‍ ചെരുപ്പ് ഉപയോഗിക്കാന്‍ നിര്‍ബന്ധിതനായി. ക്രിസ്തുവിന്‍റെ വചനം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കിയ ആ കര്‍മ്മയോഗി സുവിശേഷ യാത്രകളില്‍ വടിയോ സഞ്ചിയോ കരുതിയില്ല. പലപ്പോഴും കാടുകളിലൂടെ സഞ്ചരിച്ച അദ്ദേഹത്തെ ദൈവത്തിന്‍റെ കരങ്ങള്‍ ആനയില്‍നിന്നും പുലിയില്‍നിന്നും രക്ഷിച്ചു. ദൈവത്തിന്‍റെയും താന്‍ ശുശ്രൂഷിക്കുന്ന ജനങ്ങളുടെയും ഉദാരതയില്‍ വിശ്വസിച്ചിരുന്ന പ്രേം ഭായി യാത്രകളില്‍ പേഴ്‌സ് എടുത്തിരുന്നില്ല. തന്‍റെ മുമ്പില്‍ വിളമ്പിയ ഏത് ഭക്ഷണസാധനവും അദ്ദേഹം മടികൂടാതെ ഭക്ഷിച്ചു.
1985 മുതല്‍ ഹാര്‍മുട്ടിയിലെ ഈ മിഷന്‍ കേന്ദ്രത്തിന്‍റെ ഭാഗമാകാനുള്ള അവസരം എനിക്കും ലഭിച്ചു. പലപ്പോഴും രാത്രി വൈകി തിരിച്ചെത്തുമ്പോള്‍ എല്ലാ ഗസ്റ്റ് റൂമുകളും ലോക്ക് ചെയ്യപ്പെട്ടതായി കാണാം. എന്നാല്‍ പ്രേം ഭായിയുടെ മുറി മാത്രം എപ്പോഴും തുറന്നു കിടപ്പുണ്ടാവും. അഞ്ചടി നീളമുള്ള ഒരു കട്ടില്‍ മാത്രമാണ് ആ മുറിയിലുള്ളത്. ഈ കട്ടിലില്‍ ഞാന്‍ അനേകം രാത്രികള്‍ കിടന്നുറങ്ങിയിട്ടുണ്ട്. ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാവുന്ന ആ മുറിയില്‍ മോഷ്ടിക്കാന്‍ യാതൊരു വസ്തുവകകളുമുണ്ടായിരുന്നില്ല. പ്രേം ഭായിയുടെ ലാളിത്യത്തിന്‍റെ സാക്ഷ്യമായിരുന്നു ആ മുറി. അസീസിയുടെ ലാളിത്യവും ഡോണ്‍ ബോസ്‌കോയുടെ മനോഭാവവും അദ്ദേഹത്തിന്‍റെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയായിരുന്നു.
ബനഡിക്‌ടൈന്‍ ആധ്യാത്മികത പ്രേം ഭായിയെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. ഫാ. കുളന്തൈസാമിക്കൊപ്പം തമിഴ്‌നാട്ടിലെ തനീര്‍പള്ളിയിലുള്ള സച്ചിദാനന്ദ ആശ്രമത്തില്‍ സന്യാസജീവിതത്തിന്‍റെ പാഠങ്ങള്‍ പ്രേം ഭായി അഭ്യസിച്ചു. അവിടുത്തെ പ്രാര്‍ഥനയും ധ്യാനവും മിഷന്‍ ജീവിതചര്യയാക്കി മാറ്റുവാന്‍ അദ്ദേഹത്തിന് പ്രചോദനമായി. പിന്നീട് മരണം വരെ അദ്ദേഹം ബനഡിക്‌ടൈന്‍ സഹോദരനായി തുടര്‍ന്നു. ഫാ.കുളന്തൈസാമിയില്‍ നിന്ന് മിഷന്‍ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിച്ച പ്രേം ഭായി കൂടുതല്‍ സമയവും മിഷന്‍ യാത്രകള്‍ക്കായാണ് നീക്കിവച്ചത്. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുവാന്‍ ലഭ്യമായ ഏത് യാത്രാവാഹനവും ഉപയോഗിക്കുവാന്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. സൈക്കിളും ബോട്ടും ട്രക്കും ഉള്‍പ്പെടെ എല്ലാ വാഹനങ്ങളിലും അദ്ദേഹം യാത്ര ചെയ്തു. സീപ്പായില്‍ നിന്ന് അലോംഗിലേക്കും, ഇറ്റാനഗറില്‍നിന്ന് സാര്‍ലിയിലേക്കും, ഹര്‍ളിയില്‍നിന്ന് ഡാമിനിലേക്കും ടൂട്ടിംഗില്‍നിന്ന് ഇംഗ്യോംഗിലേക്കും… അങ്ങനെ അരുണാചല്‍ പ്രദേശിന്‍റെ തലങ്ങും വിലങ്ങും അസംഖ്യം പ്രാവിശ്യം അദ്ദേഹം യാത്ര ചെയ്തു. ഒരിക്കല്‍ പോലും അദ്ദേഹത്തിന് സ്വന്തമായി ഒരു വാഹനമുണ്ടായിരുന്നില്ല.

സാഹചര്യം അനുകൂലമായിരുന്നപ്പോഴും പ്രതികൂലമായിരുന്നപ്പോഴും അദ്ദേഹം മിഷന്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഏറ്റവും ആവശ്യം എവിടെയാണോ അവിടെയാണ് അദ്ദേഹം ഉണ്ടായിരുന്നത്. വിശുദ്ധ മദര്‍ തെരേസയുടെ ഇടപെടലിനെ തുടര്‍ന്ന് 1993-94 കാലഘട്ടത്തില്‍ വൈദികര്‍ക്ക് അരുണാചലില്‍ ശുശ്രൂഷ ചെയ്യാന്‍ അനുമതി ലഭിച്ചപ്പോള്‍ വൈദികര്‍ ഇല്ലാത്ത പ്രദേശങ്ങള്‍ അദ്ദേഹം ശുശ്രൂഷയ്ക്കായി തിരഞ്ഞെടുത്തു. മാമ്മോദീസ നല്‍കാനും രോഗികളുടെ പക്കലേക്ക് ദിവ്യകാരുണ്യം എത്തിക്കാനും ബിഷപ് റോബര്‍ട്ട് അദ്ദേഹത്തിന് പ്രത്യേക അനുവാദം നല്‍കിയിരുന്നു. പ്രതികൂലമായ കാലാവസ്ഥയും ദുര്‍ഘടമായ സാചര്യങ്ങളും വകവയ്ക്കാതെയായിരുന്നു അദ്ദേഹത്തിന്‍റെ യാത്രകള്‍. രോഗികളെ ആശുപത്രിയിലെത്തിച്ച അദ്ദേഹം അവരുടെ ചികിത്സാചിലവുകള്‍ കഴിയുന്ന വിധത്തില്‍ വഹിച്ചു. സ്വന്തം രക്തം നല്‍കിയാണ് പ്രേം ഭായി തന്നെ ആശുപത്രിയില്‍ വച്ച് രക്ഷിച്ചതെന്ന് യാംലാം റ്റാന എന്ന വ്യക്തി സാക്ഷ്യപ്പെടുത്തുന്നു. അനാഥരെയും ആരും നോക്കാനില്ലാത്തവരെയും അദ്ദേഹം മദര്‍ തെരേസയുടെ സന്യാസിനിമാര്‍ നടത്തുന്ന മിഷന്‍ കേന്ദ്രങ്ങളിലാക്കി.

നിരവധി കുട്ടികളുടെ വിദ്യാഭ്യാസത്തിന് അദ്ദേഹം സഹായം നല്‍കി. അവരില്‍ പലരും സമൂഹത്തിന്‍റെ ഉന്നത സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചു. ഒരിക്കല്‍ ടുട്ടിംഗ് എന്ന പ്രദേശത്ത് എത്തിയപ്പോള്‍ യാജംഗ് മേദോ എന്ന വ്യക്തിയുടെ വസതിയിലാണ് പ്രേംഭായിക്ക് താമസമൊരുക്കിയത്. വിവാഹം കഴിഞ്ഞിട്ട് 14 വര്‍ഷമായിട്ടും അദ്ദേഹത്തിന് കുഞ്ഞുങ്ങളില്ലായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് കുഞ്ഞുണ്ടാവുമെന്ന പ്രേം ഭായിയുടെ പ്രവചനം അവരുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായി.
പ്രേം ഭായി എല്ലാവര്‍ക്കും എല്ലാമായിരുന്നു. സാംസ്‌കാരിക ആഘോഷങ്ങളിലും വസ്ത്രധാരണത്തിലും താന്‍ സുവിശേഷം പ്രസംഗിക്കുന്ന ജനതയുമായി അദ്ദേഹം ഇഴുകിച്ചേര്‍ന്നു. അവരുടെ പരമ്പരാഗത വസ്ത്രം ധരിക്കാന്‍ അദ്ദേഹം വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചു. നിഷി, അദി, ഗാലോ തുടങ്ങിയ ഭാഷകള്‍ അഭ്യസിച്ച അദ്ദേഹം അറിയാവുന്ന എല്ലാ ഭാഷകളുപയോഗിച്ചും പ്രാര്‍ഥിച്ചിരുന്നു. തദ്ദേശിയരായ ജനങ്ങളുടൈ പരമ്പരാഗത നൃത്തങ്ങളിലും അഘോഷങ്ങളിലും അദ്ദേഹം പങ്കുചേര്‍ന്നു. തങ്ങളുടെ സംസ്‌കാരവും ഭാഷയും കാത്തുസൂക്ഷിക്കാന്‍ സഭ മുന്‍പന്തിയിലുണ്ടാകുമെന്ന സന്ദേശം ജനങ്ങളെ ആകര്‍ഷിച്ചു. ഏതെങ്കിലും പ്രത്യേക റീത്തിന്‍റെ വിശ്വാസ-ആരാധന ശൈലിയെക്കാളുപരിയായി, വചനം മാംസം ധരിച്ച് ജനങ്ങളുടെ കൂടെ വസിക്കുന്ന അനുഭവമാണ് പ്രേം ഭായിയുടെ സുവിശേഷപ്രഘോഷണം ജനങ്ങള്‍ക്ക് പ്രദാനം ചെയ്തത്.
സഭയുടെ നേതൃത്വത്തില്‍ ഒരു പൂര്‍ണ രൂപതാസംവിധാനം 2005-ല്‍ ഇറ്റാനഗര്‍, മിയാവു രൂപതകളുടെ സ്ഥാപനത്തോടെയാണ് നിലവില്‍ വന്നത്.

ഭൂമിയിലെ മിഷന്‍റെ അവസാനം
അരുണാചല്‍ പ്രദേശിലെ ബാന്ധര്‍ദേവ ഇറ്റാനഗറിലേക്കുള്ള പ്രവേശനകവാടമാണ്. ഇവിടെ ഒരു ആശ്രമം പണിയാനും സംസ്ഥാനത്തിന് വേണ്ടി സ്ഥിരമായി ഒരു മിഷന്‍ കേന്ദ്രം സ്ഥാപിക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. 2001-ല്‍ പ്രാര്‍ഥിക്കാനും രോഗികള്‍ക്കും അനാഥര്‍ക്കും താമസിക്കാനും മതബോധകര്‍ക്ക് ബൈബിള്‍ പഠിക്കാനുമായി അദ്ദേഹം ഇവിടെ ചെറിയ ഒരു ആശ്രമം സ്ഥാപിച്ചു. സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രേം ഭായി എഴുതിയ എഴുത്തില്‍ ഇപ്രകാരം കുറിച്ചു – “അരുണാചല്‍ പ്രദേശിന്‍റെ സുവിശേഷവത്കരണത്തിനായി ആരംഭകാലം മുതല്‍ വ്യക്തിപരമായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 16 ജില്ലകളിലായി 45,000  – ത്തിലധികം കിലോമീറ്ററുകള്‍ കാല്‍നടയായി സംസ്ഥാനത്തിന്‍റെ നെടുകയും കുറുകയും നടന്നുകൊണ്ട് സുവിശേഷം പ്രസംഗിക്കുകയും വിവിധ ആവശ്യങ്ങള്‍ ഉണ്ടായിരുന്നവരെ സഹായിക്കുകയും ചെയ്തു. സുവിശേഷം പ്രസംഗിക്കുകയും ഉപവി പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അവയെ അനുധാവനം ചെയ്യുകയും ചെയ്തതിനാല്‍ ആയിരങ്ങള്‍ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചിട്ടുണ്ട്. വ്യക്തിപരമായി 25,000-ത്തിലധികം പേര്‍ക്ക് ഞാന്‍ മാമ്മോദീസ നല്‍കുകയും 128 ചെറു ദൈവാലയങ്ങള്‍ ഗ്രാമങ്ങളില്‍ സ്ഥാപിക്കുകയും ചെയ്തു.” (കെ ജോസ് രചിച്ച ‘റിമംബറിങ്ങ് പ്രേം ഭായി’ എന്ന പുസ്തകത്തില്‍നിന്ന്). ജനങ്ങള്‍ അദ്ദേഹത്തിന് ഉദാരമായി സംഭാവന നല്‍കി. അദ്ദേഹം നിര്‍മ്മിച്ച ഹോളി ട്രിനിറ്റി ആശ്രമം പിന്നീട് ഇറ്റാനഗര്‍ രൂപതയ്ക്ക് കൈമാറി. ദൈവത്തോടുള്ള തീക്ഷണത അദ്ദേഹത്തെ ലോകത്തിന്‍റെ അതിര്‍ത്തികളിലേക്ക് നയിച്ചു. ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക, ദുബായി, ജറുസലേം, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. 2008 ജൂണ്‍ 28-നുണ്ടായ മാരകമായ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. ബാന്തര്‍ദേവായിലെ ഹോളി ട്രിനിറ്റി ആശ്രമത്തില്‍ അദ്ദേഹത്തിന്‍റെ ഭൗതികാവശിഷ്ടം കുടികൊള്ളുന്നു.

✍  ഫാ. മാത്യു തോട്ടത്തിമ്യാലില്‍ SDB

Courtesy – Sunday Shalom

Article Link →  https://sundayshalom.com/archives/22334