മരിയയുടെ സ്കൂളില്‍ ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്കു സെമിനാര്‍ ആരംഭിക്കാന്‍ പോകുന്നു… ഈശ്വര പ്രാര്‍ത്ഥനയ്ക്കുശേഷം സെമിനാര്‍ നയിക്കുന്നതിനായി ഹെഡ്മിസ്ട്രസ് സുനില്‍ സാറിനെ വേദിയിലേക്കു സ്വാഗതം ചെയ്തു.
സുനില്‍സാറിനെ കുട്ടികള്‍ കരഘോഷത്തോടെ വരവേറ്റു. സുനില്‍സാര്‍ സ്വയം പരിചയപ്പെടുത്തി. പിന്നീടു കുട്ടികളെ പരിചയപ്പെടാന്‍ ക്ഷണിച്ചു. ഓരോ കുട്ടിയും പേരും സ്ഥലവും കൂടാതെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും പറയണം.
ഓരോരുത്തരായി വേദിയിലെത്തി മൈക്കിലൂടെ പരിചയപ്പെടുത്തുവാന്‍ ആരംഭിച്ചു.
മനുവാണ് ആദ്യം വന്നത്. “എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്‍റെ ഡാഡി എനിക്കൊരു ‘സ്മാര്‍ട്ട്ഫോണ്‍’ വാങ്ങി തന്നതാണ്.”
“ബെര്‍ത്ത്ഡേയ്ക്ക് അമ്മ പുതിയ സൈക്കിള്‍ സമ്മാനിച്ചതായിരുന്നു ഐറിന്‍റെ സന്തോഷം.”
അടുത്തതു നിരുപമയുടെ ഊഴമായിരുന്നു. “കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ പുതിയ വീടുവച്ചു” – അതാണ് എന്‍റെ വലിയ സന്തോഷത്തിനു കാരണം.
വീട്ടില്‍ വാപ്പച്ചി പുതിയ ‘ഇന്നോവ’ കാര്‍ വാങ്ങിയതായിരുന്നു നിസ്സാമിന്‍റെ ഏറ്റവും വലിയ സന്തോഷം. അങ്ങനെ കുട്ടികള്‍ സ്വയം പരിചയപ്പെടുത്തി ജീവിതത്തിലെ വലിയ സന്തോഷങ്ങളും വെളിപ്പെടുത്തി. സുനില്‍സാര്‍ എല്ലാ കുട്ടികളെയും അനുമോദിച്ചു.
അവസാനം എത്തിയതു മരിയ ആയിരുന്നു. “ആട്ടെ, കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്താണ്?” – സുനില്‍ സാര്‍ ചോദിച്ചു.
എല്ലാവരും മരിയയുടെ മറുപടിക്കായി കാതോര്‍ത്തു.
മരിയ സാവധാനം എഴുന്നേറ്റു വേദിയിലേക്കു നടന്നു. സൗമ്യമായി പറഞ്ഞുതുടങ്ങി: “സര്‍, എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പറയാം… പക്ഷേ, അത് എന്നും തുടരുന്ന സന്തോഷമാണ്. അതു തീരുന്നില്ല.”
മരിയയുടെ വാക്കുകള്‍ ഏവരിലും കൗതുകമുണര്‍ത്തി. അവള്‍ തുടര്‍ന്നു. വീട്ടില്‍ എന്‍റെ അപ്പയുടെയും അമ്മയുടെയും കൂടെ ചെലവഴിക്കുന്ന നിമിഷങ്ങളാണു സാര്‍ എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം!”
സദസ്സില്‍ നിന്നും അപ്രതീക്ഷിതമായി വന്‍ കരഘോഷം… അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും എഴുന്നേറ്റു. മരിയയുടെ വ്യത്യസ്തവും സത്യസന്ധവുമായ സന്തോഷത്തിന്‍റ അനുഭവം ഏവരുടെയും ആത്മാവിനെ തൊട്ടുണര്‍ത്തി. സുനില്‍സാറും മരിയയെ പ്രശംസകള്‍കൊണ്ടു മൂടി. പ്രത്യേക സമ്മാനവും നല്കി… സെമിനാറിനു തുടക്കം കുറിച്ചു.
“പ്രിയ കുട്ടികളേ, ഒരിക്കല്‍ അസ്സീസിയിലെ വി. ഫ്രാന്‍സിസ് ബ്രദര്‍ ലിയോയോടു ചോദിച്ചു: “ലിയോ, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്താണ്?” – ഉത്തരവും ഫ്രാന്‍സിസ് തന്നെ പറഞ്ഞു.
“ദൈവേഷ്ടം നിറവേറ്റി ജീവിക്കുന്നതാണു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം” ദൈവത്തിന്‍റെ വലിയ ഒരു ആഗ്രഹമാണു മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ മക്കള്‍ വളരണമെന്നത്. അതിന് ആരു പരിശ്രമിക്കുന്നുവോ സന്തോഷവും അവര്‍ക്കൊപ്പമുണ്ട്. അതാണു മരിയയുടെ വലിയ സന്തോഷത്തിന്‍റെ രഹസ്യം” –
കടപ്പാട് Whatsapp
ജോസ്മോന്‍, ആലുവ